കോളിച്ചാല്‍: മലയോരമേഖലയിലെ ഗതാഗതസൗകര്യങ്ങളില്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ മലയോര ഹൈവേയുടെ ഉപജ്ഞാതാവും വികസന നായകനുമായ ജോസഫ് കനകമൊട്ടയ്ക്ക് മലയോരഹൈവേയോടു ചേര്‍ന്ന് സ്മാരകമൊരുങ്ങുന്നു. കോളിച്ചാല്‍ പതിനെട്ടാം മൈലിലാണ് സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതിയായിട്ടുള്ളത്.
ജോസഫ് കനകമൊട്ട മുന്‍കൈയെടുത്ത് രൂപം നല്കിയ ജില്ലാ മലയോര വികസന സമിതിയുടെ നേതൃത്വത്തിലാണ് സ്മാരകം നിര്‍മിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. കനകമൊട്ടയുടെ കുടുംബാംഗങ്ങളുടെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പ്രവര്‍ത്തകരുടെയും സഹകരണം തേടും. ഇതുമായി ബന്ധപ്പെട്ട ആലോചനായോഗം നാളെ വൈകുന്നേരം നാലിന് കള്ളാര്‍ പഞ്ചായത്ത് ഹാളില്‍ ചേരും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കും. പൊതുജനങ്ങളും യോഗത്തില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്കി സഹകരിക്കണമെന്ന് മലയോര വികസനസമിതി പ്രസിഡന്റ് എം.യു. തോമസ് അഭ്യര്‍ഥിച്ചു.
മലയോരഹൈവേയുടെ ഉപജ്ഞാതാവിന് സ്മാരകമൊരുങ്ങുന്നു
01:02 AM Mar 20, 2023 | Deepika.com