പള്ളുരുത്തി: പ്രമുഖ തീർഥാടന കേന്ദ്രമായ കണ്ണമാലി പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ നേർച്ചസദ്യയിൽ പതിനായിരങ്ങൾ പങ്കെടുത്തു. രാവിലെ തുടങ്ങിയ സദ്യ വിതരണം രാത്രി വൈകിയും തുടർന്നു.
തിരുനാളിനോടനുബന്ധിച്ച് രാവിലെ നടന്ന കുർബാനയ്ക്ക് ശേഷം കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ നേർച്ച വിഭവങ്ങൾ ആശീർവദിച്ചു. തുടർന്ന്, തിരുക്കുടുംബത്തെ അനുസ്മരിച്ചു ഒരു കുടുംബത്തിന് അദ്ദേഹം നേർച്ചസദ്യ വിളമ്പി. ബുഫെ രീതിയിലാണ് ഇക്കുറിയും സദ്യ.
പള്ളിയിൽ രാവിലെ മുതൽ വിവിധ സമയങ്ങളിൽ കുർബാന നടന്നു. വിവിധ ജില്ലകളിൽ നിന്ന് തിരുനാളിൽ പങ്കെടുക്കാൻ വിശ്വാസികളെത്തി.
ആയിരത്തോളം വോളന്റി യർമാരും സജ്ജരായിരുന്നു. കെഎസ്ആർടിസിയും സ്വകാര്യ വാഹനങ്ങളും പ്രത്യേക സർവീസ് നടത്തി. വികാരി ഫാ. ജോപ്പൻ അണ്ടിശേരിയിൽ, ബി.എ. മനീക്ക് എന്നിവരുടെ നേതൃത്വം നല്കി.
കണ്ണമാലിയിൽ നേർച്ചസദ്യയുണ്ട് പതിനായിരങ്ങൾ
12:20 AM Mar 20, 2023 | Deepika.com