നിയന്ത്രണംവിട്ട പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് രണ്ടുപേർക്കു പരിക്ക്
11:44 PM Mar 19, 2023 | Deepika.com
കോട്ടയം: പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് സ്കൂട്ടറിലിടിച്ച് രണ്ട് പേർക്കു പരിക്ക്. പാക്കിൽ മങ്കാട്ട് ജിബി ചെറിയാൻ (35), പിക്കപ്പ് വാൻ ഡ്രൈവർ കായംകുളം മഞ്ജു നിവാസിൽ രാഹുൽ (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു മണിപ്പുഴയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നു വന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മണിപ്പുഴ ഭാഗത്തുനിന്നു വന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുലിന്റെ തലയ്ക്ക് പരിക്കേറ്റു. രണ്ട് കാലും രണ്ട് കൈയും ഒടിഞ്ഞ ജിബിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ വാഹനങ്ങൾ തകർന്നു. അപകടത്തെത്തുടർന്ന് എംസി റോഡിൽ ഗതാഗതതടസവും നേരിട്ടു.