കടുത്തുരുത്തി: ദേവാലയങ്ങളില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ മരണത്തിരുനാള്‍ ആചരണവും ഊട്ടുനേര്‍ച്ചയും നടന്നു. തിരുനാളിനോടുനുബദ്ധിച്ചു രാവിലെ മുതല്‍ ദേവാലയങ്ങളില്‍ വിശ്വാസികളുടെ വന്‍ തിരക്കായിരുന്നു. വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ഊട്ടുനേര്‍ച്ച, ജോസഫ് നാമധാരികളുടെ സംഗമം തുടങ്ങീ വിവിധങ്ങളായ കര്‍മങ്ങളാണ് തിരുനാളിനോടുനുബന്ധിച്ചു നടന്നത്.
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപ്പള്ളിയില് വൈകുന്നേരമാണ് തിരുകര്‍മങ്ങള്‍ നടന്നത്. 4.30 ന് വിശുദ്ധ കുര്‍ബാനയോടെ തിരുകര്മങ്ങളാരംഭിച്ചു. മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. ജോസ് വള്ളോംപുരയിടം വിശുദ്ധ കുര്‍ബാനയ്ക്കു കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പഴയ പള്ളിയിലേക്കു നടന്ന പ്രദക്ഷിണത്തില്‍ ജോസഫ് നാമധാരികള്‍ വിശുദ്ധന്റെ തിരുസ്വരൂപം സംവഹിച്ചു. പള്ളിയങ്കണത്തില്‍ പ്രദക്ഷിണം സമാപിച്ച ശേഷം നടന്ന ഊട്ടുനേര്‍ച്ചയുടെ വെഞ്ചരിപ്പ് വലിയപള്ളി വികാരി ഫാ. ഏബ്രഹാം പറമ്പേട്ട് നിര്‍വഹിച്ചു.
പഴയപള്ളിയങ്കണത്തിലാണ് ഊട്ട് നേര്‍ച്ച വിതരണം നടന്നത്. തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ. മാത്യു അമ്പഴത്തുങ്കല്‍, ഫാ. ബിനോയി കിഴക്കേപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ വലിയപള്ളിയില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. ഏബ്രഹാം പറമ്പേട്ട് കാര്‍മികത്വം വഹിച്ചു. കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് പള്ളിയില്‍ വികാരി ഫാ. ജെയിംസ് വയലില്‍, മുട്ടുചിറ റൂഹാദ കുദിശാ ഫൊറോനാ പള്ളിയുടെ കുരിശുപള്ളിയായ പാലകര സെന്റ് ജോസഫ് ചാപ്പലിലെ തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, സഹവികാരി ഫാ. ജോര്‍ജ് ഈറ്റയകുന്നേല് എന്നിവരും കാര്‍മികത്വം വഹിച്ചു.
വൈക്കം: വൈക്കം സെന്റ് ജോസഫ് ഫോറോനാപ്പള്ളിയിൽ വിശുദ്ധയൗസേപിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ചു ഊട്ടുനേർച്ച നടത്തി. വിശുദ്ധ കുർബാന, ഊട്ട് നേർച്ചവെഞ്ചരിപ്പ് എന്നിവയ്ക്ക് വികാരി ഫാ. ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ കാർമികത്വം വഹിച്ചു. സഹവികാരി ഫാ. എബിൻ എടശേരി സഹകാർമികത്വം വഹിച്ചു.
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധയൗസേ പ്പിതാവിന്റെ മരണത്തിരുനാൾ ആചരിച്ചു. തിരുനാളിനോടനുബന്ധിച്ചു വിശുദ്ധകുർബാന, ഊട്ടുനേർച്ച എന്നിവ നടന്നു.
വിശുദ്ധ കുർബാനയ്ക്ക് ഫാ. ജിതിൻ വടക്കേൽ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. വർഗീസ് ചെരപ്പറമ്പിൽ, സഹവികാരി ഫാ.ആന്റണി താണിപ്പിള്ളി എന്നിവർ നേർച്ച വെഞ്ചരിച്ചു. തുടർന്ന് ഊട്ടു നേർച്ച നടത്തി.
ദേവാലയങ്ങളിൽ മരണത്തിരുനാള്‍ ആചരണവും ഊട്ടുനേര്‍ച്ചയും
10:40 PM Mar 19, 2023 | Deepika.com