ചെറുതോണി: കേരളത്തിലെ ആദ്യത്തെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽനിന്നു പഠനത്തിനായി വാഴത്തോപ്പ് സെന്റ് ജോർജ് യുപി സ്കൂളിലെത്തിയ വി. സ്നേഹ പഠനത്തിലും പാഠ്യേതര പ്രവർത്തനത്തിലും ഒന്നാമതായി നാട്ടിലെ താരമാണിന്ന്. അറക്കുളം സബ് ജില്ലാ പ്രവൃത്തി പരിചയമേളയിൽ മുളയുത്പന്ന നിർമാണത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സബ് ജില്ലാ കലോത്സവത്തിൽ മാപ്പിളപ്പാട്ടിലും വിദ്യാരംഗം സർഗോത്സവത്തിൽ കാവ്യാലാപനത്തിലും എ ഗ്രേഡും കരസ്ഥമാക്കി.
ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി രൂപതാതലത്തിൽ നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിൽ ഒന്നാം സ്ഥാനവും സന്മാർഗ സ്കോളർഷിപ്പിൽ അഞ്ചാം സ്ഥാനവും ലഭിച്ചു. രൂപതയിലെ 68 സ്കൂളുകളിലെ കുട്ടികളോടു മത്സരിച്ചാണ് ഇടമലക്കുടിക്കാരി തിളക്കമാർന്ന വിജയം നേടിയത്. സ്കൂൾ കലാമത്സരങ്ങളിൽ കാവ്യാലാപനം, മാപ്പിളപ്പാട്ട് , കവിതാരചന, കഥാപ്രസംഗം എന്നിവയിൽ മികവ് തെളിയിച്ചു. ഇതിനു പുറമെ ക്ലാസ് പ്രൊഫിഷ്യൻസിക്കും സ്നേഹ അർഹയായി.
പരിമിതമായ സൗകര്യമുള്ള ഇടമലക്കുടിയിൽനിന്ന് മറ്റു 11 കുട്ടികളോടൊപ്പമാണ് സ്നേഹ വാഴത്തോപ്പ് സെന്റ് ജോർജ് യുപി സ്കൂളിലെത്തിയത്. മണിയാറൻകുടി മദർ തെരേസ ഹോമിൽ താമസിച്ചാണ് പഠനം നടത്തുന്നത്.
അധ്യാപകരുടെ ചിട്ടയായ പരിശീലനവും പ്രോത്സാഹനവുമാണ് വിജയത്തിനു പിന്നിലെന്നു സ്നേഹ പറയുന്നു. പഠനത്തിനാവശ്യമായ ഭൗതിക സൗകര്യങ്ങളൊരുക്കുന്നത് മദർ തെരേസ ഹോം അധികൃതരാണ്.
കർഷകരായ വേലുസാമി-രാജകന്നി ദമ്പതികളുടെ എട്ടു മക്കളിൽ ഇളയവളാണ് സ്നേഹ.
വട്ടവട, ഇടമലക്കുടി, മറയൂർ, കോവിലൂർ, ആനക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ കുടികളിലെ 51 വിദ്യാർഥികൾ പൈനാവ് ട്രൈബൽ ഹോസ്റ്റൽ, മണിയാറൻകുടി മദർ തെരേസ ഹോം എന്നിവിടങ്ങളിൽ താമസിച്ച് വാഴത്തോപ്പ് സെന്റ് ജോർജ് യു പി സ്കൂളിൽ പഠനം നടത്തുന്നുണ്ട്.
ഇടമലക്കുടിയിൽനിന്നു എത്തിയ സ്നേഹ ഇപ്പോൾ നാട്ടിൽ താരമാണ്
10:17 PM Mar 19, 2023 | Deepika.com