പിലിക്കോട്: മുന്‍ വനിതാ ഫുട്ബോള്‍ താരവും പരിശീലകയുമായ ഡോ. ടി.സി. ജീനയ്ക്ക് വീണ്ടും രാജ്യാന്തര തലത്തില്‍ അംഗീകാരം.
ഗോള്‍ കീപ്പര്‍ പരിശീലകയെന്ന നിലയില്‍ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍, ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് എന്നിവയുടെ ലെവല്‍ വണ്‍ ലൈസന്‍സാണ് ജീനയ്ക്ക് ലഭിച്ചത്. പഞ്ചാബിലെ മൊഹാലി മിനര്‍വ അക്കാദമിയില്‍ ഏഴ് ദിവസങ്ങളിലായി നടന്ന ലെവല്‍ വണ്‍ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്.
റഫറിയിംഗിനുള്ള ലൈസന്‍സും ഫുട്ബോള്‍ പരിശീലത്തിനുള്ള സി, ഡി ലൈസന്‍സുകളും നേരത്തേ നേടിയിട്ടുണ്ട്. 1990-96 കാലഘട്ടത്തില്‍ കേരള വനിത ഫുട്ബോള്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്ന ജീന 1996-97 വര്‍ഷം ദേശീയ ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അണ്ണാമലൈ സര്‍വകലാശാല വനിതാ ഫുട്ബോള്‍ ടീം ക്യാപ്റ്റനായിരുന്നു. പിന്നീട് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് കായികാധ്യാപനത്തില്‍ ഡോക്ടറേറ്റ് നേടി.
നിലവില്‍ കാസര്‍ഗോഡ് ചെര്‍ക്കള സൈനബ് ബിഎഡ് സെന്ററില്‍ കായിക വിഭാഗം അസി. പ്രഫസറാണ്. വനിതാ ഫുട്ബോള്‍ പരിശീലനത്തിനായി തൃക്കരിപ്പൂരില്‍ ആരംഭിച്ച ഡ്രീം ഫുട്ബോള്‍ അക്കാദമിയുടെ മുഖ്യ പരിശീലകയുമാണ്.
എംആര്‍സി താരവും ഫുട്ബോള്‍ പരിശീലകനും സംഘാടകനുമായിരുന്ന കാലിക്കടവിലെ ടി.പി. വിജയരാഘവന്റെയും റിട്ട. മുഖ്യാധ്യാപിക പി. ശാന്തകുമാരിയുടെയും മകളാണ്.
ഫുട്ബോള്‍ പരിശീലക ഡോ. ടി.സി. ജീനയ്ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം
01:44 AM Mar 19, 2023 | Deepika.com