കല്യാശേരി: കീച്ചേരിക്കുന്നിൽ ബസും മാരുതി വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.
തളിപ്പറമ്പ് കൂവേരി സ്വദേശികളായ കൃഷ്ണൻ(63), നാരായണി(58), സോനു കൃഷ്ണൻ(7) എന്നിവരെ പരിക്കുകളോടെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന കൃഷ്ണന്റെ മകൻ എൻ.ബി. രതീഷ് (38) നെ ഗുരുതര പരിക്കുകളോടെ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്തേക്കു പോകുകയായിരുന്ന പിലാക്കുന്നുമ്മേൽ ബസും മാരുതി വാനും തമ്മിലാണു കൂട്ടിയിടിച്ചത്.
അപകടത്തിൽ മാരുതി വാനിന്റെ മുൻവശം പൂർണമായും തകർന്നു. ചന്ദനക്കാംപാറയിൽ കണ്ണൂരിലേക്ക് പോവുകയായിരുന്ന പിലാക്കുന്നുമ്മൽ ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നതിനിടയിൽ കണ്ണൂർ ഭാഗത്ത് നിന്നും വന്ന മാരുതി വാൻ ബസിന്റെ മുന്നിലിടിക്കുകയായിരുന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
അപകടത്തിൽ വണ്ടി ഓടിച്ചിരുന്ന രതീഷ് വാഹനത്തിനുള്ളിൽ കുടുങ്ങി അരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. വിവരമറിഞ്ഞ് വളപട്ടണം പോലീസും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
കീച്ചേരിക്കുന്നിൽ ബസും മാരുതി വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
01:41 AM Mar 19, 2023 | Deepika.com