കൽപ്പറ്റ: രണ്ടാമത് ചെന്പോത്തറ ഗ്രാമോത്സവം ഏപ്രിൽ 23 മുതൽ 30 വരെ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പി.കെ. സുധാകരൻ, എം. അബ്ദുൾ റഷീദ്, പി.എ. ഷമീൽ, പി.കെ. റഷീദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മേപ്പാടി പഞ്ചായത്തിലെ 21-ാം വാർഡും 22-ാം വാർഡിന്റെ ഭാഗവും ഉൾപ്പെടുന്നതാണ് ചെന്പോത്തറ ഗ്രാമം. ചെന്പോത്തറ ഗ്രാമോത്സവം ചാരിറ്റബിൾ സൊസൈറ്റിയാണ് ഗ്രാമോത്സവത്തിനു നേതൃത്വം നൽകുന്നത്.
2019ലായിരുന്നു പ്രഥമ ഗ്രാമോത്സവം. വിവിധ മേഖലകളിൽ ഗ്രാമീണരുടെ ഉന്നമനം മുൻനിർത്തിയാണ് ഗ്രാമോത്സവം നടത്തുന്നത്. കൂട്ടയോട്ടം, സാംസ്കാരിക സമ്മേളനം, ഘോഷയാത്ര, രോഗി സന്ദർശനം, വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെ ആദരിക്കൽ, കാർഷിക പ്രദർശനം, സെമിനാർ, ഗോത്ര കലോത്സവം, ഗാനമേള, സമൂഹസദ്യ തുടങ്ങിയവ ഗ്രാമോത്സവത്തിന്റെ ഭാഗമാണ്.
ഗ്രാമോത്സവം ലോഗോ മുൻ ജില്ലാ കളക്ടർ എ.ഗീതയും സംഘാടക സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും നിർവഹിച്ചതായി സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.
ഗ്രാമോത്സവം ചാരിറ്റബിൾ സൊസൈറ്റി നിരവധി പ്രവർത്തനങ്ങളാണ് ഇതിനകം നടത്തിയത്. പത്ത് നിർധന കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന് സ്ഥലം നൽകി. പുത്തുമല ദുരന്തത്തിൽ വീട് നഷ്ടമായ ഒരു കുടുംബത്തിന്റെ പാതിവഴിയിൽ നിലച്ച ഭവനനിർമാണം പൂർത്തിയാക്കി. ഗ്രാമവാസികൾക്കായി കളിസ്ഥലം തയാറാക്കി. സംസ്കാരിക നിലയത്തിനായി സ്ഥലം വാങ്ങി. കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഒരു പ്രദേശത്ത് കുളം നിർമാണത്തിന് ഭൂമി സൗജന്യമായി ലഭ്യമാക്കിയതായും ഭാരവാഹികൾ പറഞ്ഞു.
ചെന്പോത്തറ ഗ്രാമോത്സവം ഏപ്രിലിൽ
01:11 AM Mar 19, 2023 | Deepika.com