കാക്കനാട് : കാക്കനാട് പള്ളിക്കര റോഡിൽ അത്താണി അസറ്റ് ഹോമിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു. തൃക്കാക്കരയുടെ കിഴക്കൻ പ്രദേശത്തേക്ക് വെള്ളം ഒഴുക്കുന്ന 300 എംഎം പിവിസി പൈപ്പാണ് ഇന്നലെ പുലർച്ചെ ഒന്നോടെ പൊട്ടിയത്.
വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകുന്നതുമൂലം കാക്കനാട് പള്ളിക്കര റോഡ് ഒരുഭാഗം തകർന്നു. പുലർച്ചെ ഇതുവഴി കടന്നുപോയ രണ്ട് ബൈക്ക് യാത്രക്കാർക്ക് തെന്നിവീണ് പരിക്കേൽക്കുകയും ചെയ്തു.
ആലുവ പമ്പ് ഹൗസിൽ നിന്ന് കൊല്ലംകുടിമുഗർ, പാട്ടുപുരനഗർ, നെടുംകുളങ്കര മല. അത്താണി, കളത്തിക്കുഴി നിലംപതിഞ്ഞ മുഗൾ, പുതുശേരിമല തെങ്ങോട് തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നിലച്ചു.
തൃക്കാക്കര നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്മിത സണ്ണിയാണ് വിവരം വാട്ടർ അഥോറിട്ടിയെയും പോലീസിനെയും അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചതോടെ കൂടുതൽ അപകടം ഒഴിവായി.
വാട്ടർ അഥോറിട്ടി അസിസ്റ്റന്റ് എൻജിനീയർ മിനിമോൾ, അസിസ്റ്റന്റ് എസ്സിക്യുട്ടീവ് എൻജിനീയർ അനിൽ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി ഏറെ വൈകിയാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചത്.
കാക്കനാട്-പള്ളിക്കര റോഡിൽ ! കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു
12:54 AM Mar 19, 2023 | Deepika.com