ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ക്രിസ്മസ് ട്രീ ഒക്കലഹോമയില്‍

12:09 PM Nov 27, 2021 | Deepika.com
ഒക്കലഹോമ: ക്രിസ്മസ് ആരംഭിച്ചതോടെ ലോകമെമ്പാടും ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതില്‍ മത്സരം നടക്കുകയാണ്. നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ക്രിസ്മസ് ട്രീ ഒക്കലഹോമയിലാണ്. ഇന്നു മുതല്‍ (നവംബര്‍ 26) പ്രദര്‍ശിപ്പിച്ച ക്രിസ്മസ് ട്രീ പൊതുജനങ്ങള്‍ക്ക് കൗതുകമായി മാറി.

വെള്ളിയാഴ്ച വൈകിട്ട് 6.30-നു വെസ്റ്റ്പാര്‍ക്ക് അവന്യൂവില്‍ ദീപാലംകൃതമായി പ്രദര്‍ശിപ്പിച്ച ട്രീ അടുത്ത 42 ദിവസം പൊതുജനങ്ങള്‍ക്ക് കാണാമെന്നു സംഘാടകര്‍ അറിയിച്ചു.

140 അടി ഉയരമുള്ള ഈ ട്രീ അലങ്കരിക്കുന്നതിന് 20,000 ബള്‍ബുകളും, 1000 ഓര്‍ണമെന്‍റ്സുമാണ് ഉപയോഗിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ റോക്ക്‌ഫെല്ലര്‍ പ്ലാസയില്‍ ഉയര്‍ത്തിയിരിക്കുന്ന 79 അടി ഉയരമുള്ള ട്രീയുടെ ഇരട്ടി ഉയരമുണ്ട് പുതിയ ട്രീക്ക്.

രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ലോകചരിത്രം തന്നെ മാറ്റമറിച്ച ഒരുരാത്രി. ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നതിനും, തങ്ങളുടെ വിശ്വാസം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതിനുമാണ് ഈ ക്രിസ്മസ് കാലം പ്രയോജനപ്പെടുത്തേണ്ടതെന്ന് ഹാമര്‍ വില്യംസ് കമ്പനി സിഇഒ കെയില്‍സ് വില്യംസ് അറിയിച്ചു. വില്യം കുടുംബമാണ് ഇത്രയും വലിയ ട്രീ ക്രിസ്മസിനായി ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 100 അടി ഉയരമുള്ള ട്രീയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 140 അടി ഉയരമുള്ള ട്രീ ലഭിച്ചത് അദ്ഭുതമാണെന്നും കെയ്ല്‍ പറഞ്ഞു.

പി.പി. ചെറിയാന്‍