കാക്കനാട് : തൃക്കാക്കര നഗരസഭയിലെ മികച്ച വനിത കൗൺസിലറായി എൽഡിഎഫ് അംഗമായ അഞ്ചാം വാർഡ് കൗൺസിലർ റസിയ നിഷാദിനെ തിരഞ്ഞെടുത്തു. ലോക വനിതാ ദിനത്തിന്റെ ഭാഗമായി തൃക്കാക്കര ഭാരതമാതാ കോളജ് സ്കൂൾ ഓഫ് സോഷ്യൽ വർക്ക്, വിമൻ സെൽ, ലൈഫ് സ്കിൽ, ബി ഫോർ, എന്നീ സംഘടനകൾ സംയുക്തമായാണ് തൃക്കാക്കര നഗരസഭയിലെ മികച്ച വനിത കൗൺസിലറെ കണ്ടത്തിയത്.
നഗരസഭയിലെ 24 വനിതാ കൗൺസിലർമാരെയും ഉൾപ്പെടുത്തി ഓൺലൈനായും വാർഡുകളിലും നടന്ന വിവരശേഖരണത്തിന്റെയും വോട്ടിന്റെയും അടിസ്ഥാനത്തിലാണ് മികച്ച വനിതാ കൗൺസിലറെ തീരുമാനിച്ചത്. 10, 000 രൂപയും പ്രശസ്തി ഫലകവും ഭാരത് മാതാ കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. കെ.എം. ജോൺസൺ ,അസിസ്റ്റന്റ് മാനേജർ ഫാ. ജിമ്മി കർത്താനം എന്നിവർ ചേർന്ന് റസിയക്ക് സമ്മാനിച്ചു. അവാർഡ് തുക വാർഡിലെ നിർധനരായ രോഗികൾക്ക് നൽകുമെന്ന് ചടങ്ങിൽ വാർഡ് കൗൺസിലർ റസിയ പറഞ്ഞു.
റസിയ നിഷാദ് മികച്ച വനിതാ കൗൺസിലർ
12:51 AM Mar 19, 2023 | Deepika.com