കൊച്ചി: "കസേര' മാറ്റത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ "പ്രീതി' നഷ്ടപ്പെട്ട മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സുനിത ഡിക്സണെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം തള്ളി. പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കൊച്ചി കോര്പറേഷന് ഓഫീസില്‍ വിളിച്ച യോഗം ക്വാറം തികയാതിരുന്നതോടെയാണ് തള്ളിപ്പോയത്. എല്‍ഡിഎഫിന്റെ നാലംഗങ്ങളും സുനിതാ ഡിക്സണും യോഗത്തില്‍ പങ്കെടുത്തില്ല. തുടര്‍ന്ന് അവിശ്വാസം ചര്‍ച്ച ചെയ്യാതെ പിരിയുകയായിരുന്നു.
മരാമത്ത് കമ്മിറ്റിയിലുള്ള കോണ്‍ഗ്രസിന്റെ നാലംഗങ്ങള്‍ മാത്രമാണ് യോഗത്തിലെത്തിയത്. യോഗം ചേരാന്‍ രണ്ടിലൊന്നു ഭൂരിപക്ഷം വേണം. എല്‍ഡിഎഫ് അംഗങ്ങള്‍ക്കൊപ്പം യുഡിഎഫിന്റെ ഘടകക്ഷിയായ ആര്‍എസ്പിയുടെ ഏക അംഗം സുനിതാ ഡിക്സണ്‍ കൂടി വിട്ടു നിന്നതോടെ ഒന്‍പതംഗ സമിതിയില്‍ വിട്ടുനിന്നവരുടെ എണ്ണം അഞ്ചായി. അവിശ്വാസം തള്ളിയതോടെ മാറ്റങ്ങളൊന്നുമില്ലാതെ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി സുനിതാ ഡിക്സണ്‍ തുടരും.
അതേസമയം യുഡിഎഫ് നല്കിയ വിപ്പ് ലംഘിച്ചെന്നാരോപിച്ച് സുനിതാ ഡിക്സണെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ആര്‍എസ്പിയും സുനിതയ്ക്ക് വിപ്പ് നല്‍കിയിരുന്നു. രണ്ടു വിപ്പും ലംഘിച്ചാണ് സുനിത യോഗത്തില്‍ എത്താതിരുന്നത്. കഴിഞ്ഞ ദിവസം യുഡിഎഫ് അംഗങ്ങള്‍ വിട്ടു നിന്ന കൗണ്‍സില്‍ യോഗത്തിലും സുനിത പങ്കെടുത്തിരുന്നു. യുഡിഎഫില്‍ നിന്ന് കൗണ്‍സിലില്‍ പങ്കെടുത്ത ഏക അംഗവുമായിരുന്നു സുനിത.
തുടര്‍ ഭരണം നഷ്ടമായിട്ടും യുഡിഎഫിന് കിട്ടിയ ഏക സ്ഥിരം സമിതിയാണ് മരാമത്ത് സമിതി. ഒന്നര വര്‍ഷത്തിന് ശേഷം നേതൃമാറ്റം ഉണ്ടാകുമെന്ന് ആര്‍എസ്പിയുമായി ധാരണ ഉണ്ടാക്കിയ ശേഷമാണ് സമിതി അധ്യക്ഷ സ്ഥാനം പാര്‍ട്ടിയുടെ ഏക അംഗമായ സുനിതയ്ക്ക് നല്‍കിയത്. ഒന്നര വര്‍ഷം കഴിഞ്ഞതോടെ അധ്യക്ഷ സ്ഥാനത്തിന് കോണ്‍ഗ്രസ് അവകാശം ഉന്നയിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ സുനിത തയാറായില്ല.
യുഡിഫ് നേരിട്ട് രാജി ആവശ്യപ്പെട്ടും വഴങ്ങില്ലെന്ന നിലപാടില്‍ സുനിത തുടര്‍ന്ന്. ഇതോടെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കാനുള്ള നീക്കം കോണ്‍ഗ്രസ് നടത്തിയത്. അധ്യക്ഷ സ്ഥാനം വനിതാ സംവരണമായതിനാല്‍ ഭൂരിപക്ഷ മുന്നണിയിലെ ഒരു വനിതയ്ക്കാണ് അവസരം ലഭിക്കുക. യുഡിഎഫില്‍ സുനിതയും മിനിമോളും കൂടാതെ സീന ഗോഗുലനും കമ്മിറ്റിയിലുണ്ട്. എല്‍ഡിഎഫിലാകട്ടെ ദീപ വര്‍മ മാത്രമേ വനിതയായുള്ളു.
സുനിത ഡിക്സണെതിരായ യുഡിഎഫിന്റെ അവിശ്വാസം തള്ളി
12:47 AM Mar 19, 2023 | Deepika.com