ഏറ്റുമാനൂർ: ബജറ്റ് അവതരിപ്പിക്കുന്നതിനു കൂടിയ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ സിപിഎം ഏരിയ സെക്രട്ടറി പങ്കെടുത്ത സംഭവത്തിൽ പരാതി നൽകുമെന്ന് കോൺഗ്രസ്.
ബ്ലോക്ക് പഞ്ചായത്തിന്റെ 2023 - 24 വർഷത്തെ ബജറ്റ് യോഗം കഴിഞ്ഞ 27 നു നടന്ന ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് യോഗത്തിൽ സിപിഎം ഏരിയാ സെക്രട്ടറി ബാബു ജോർജ് വേദിയിലിരിക്കുകയും ബജറ്റ് വിശകലനം ചെയ്ത് പ്രസംഗിക്കുകയും ചെയ്തതാണ് വിവാദമായിരിക്കുന്നത്.
കമ്മിറ്റിയുടെ ആദ്യവസാനം അദ്ദേഹം വേദിയിലുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് കരിപ്പൂത്തട്ട് ഡിവിഷൻ മെംബറും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവുമായ എസി തോമസ് കണിച്ചേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഈ പരാതിക്ക് രണ്ടാഴ്ച്ചയോളം മറുപടി ലഭിച്ചിരുന്നില്ല. പിന്നീട് മറുപടി ലഭിച്ചപ്പോഴാകട്ടെ പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾക്കല്ല സെക്രട്ടറി മറുപടി നൽകിയതെന്ന് എസി തോമസ് പറയുന്നു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമേ യോഗത്തിൽ പങ്കെടുക്കാവൂ എന്ന് കർശന ചട്ടം നിലനിൽക്കുമ്പോൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പിന്തുണയോടെയാണ് ഏരിയാ സെക്രട്ടറി ബജറ്റ് യോഗത്തിൽ അനധികൃതമായി പങ്കെടുത്തതും പ്രസംഗിച്ചതും. ഇത് സംബന്ധിച്ച് 28ന് ഇറങ്ങിയ പത്രങ്ങളിൽ വാർത്തയുമുണ്ടായിരുന്നു.
ജനകീയാസൂത്രണ പ്രവർത്തനങ്ങൾ സമ്പൂർണമായി രാഷ്ട്രീയവത്കരിക്കുന്നതിന്റെ ഭാഗമാണ് ഈ സംഭവമെന്നും പരാതി സംബന്ധിച്ച് സെക്രട്ടറിയിൽനിന്ന് കൃത്യമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ഓംബുഡ്സ്മാൻ, ഇലക്ഷൻ കമ്മീഷൻ, വിജിലൻസ് എന്നിവർക്ക് പരാതി നൽകുമെന്നും എസി തോമസ് അറിയിച്ചു.
സിപിഎം ഏരിയ സെക്രട്ടറി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി വേദിയിൽ
12:25 AM Mar 19, 2023 | Deepika.com