ഒറിഗണ്‍ : ഒറിഗണിലെ വൈറ്റ് സിറ്റി വെയർഹൗസിൽ നിന്ന് 500 മില്യണ്‍ ഡോളർ (3719 കോടിയിൽ അധികം രൂപ) വിലമതിക്കുന്ന 250 ടണ്‍ മാരിജുവാന (കഞ്ചാവ്) പിടികൂടിയതായി ഒറിഗണ്‍ പോലിസ് അറിയിച്ചു.
കലിഫോർണിയ ഒറിഗണ്‍ അതിർത്തിയിൽ ഏകദേശം നൂറോളം പേർ ജോലി ചെയ്യുന്ന വെയർഹൗസിൽ നിന്നാണ് ഇത്രയും കഞ്ചാവ് പിടികൂടിയതെന്നു ശനിയാഴ്ച (നവംബർ 20) നടത്തിയ പത്രസമ്മേളനത്തിൽ സൗത്ത് വെസ്റ്റ് റീജിയണ്‍ ഡ്രഗ് എൻഫോഴ്സ്മെന്റ് ടീം അറിയിച്ചു.
വളരെ വൃത്തിഹീനമായ ചുറ്റുപാടുകളിൽ, കുടിക്കാൻ ആവശ്യമായ ജലം പോലും ലഭിക്കാതെയാണ് കുടിയേറ്റ തൊഴിലാളികൾ കഞ്ചാവ് പ്രോസസ് ചെയ്യുന്ന സ്ഥലത്ത് താമസിച്ചിരുന്നതെന്നും പോലിസ് പറഞ്ഞു. രണ്ടു ദിവസമായി നടത്തിയ റെയ്ഡിൽ ഏകദേശം 500,000 പൗണ്ട് കഞ്ചാവ് ഓയിലും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിരവധി തോക്കുകളും ഇവിടെ നിന്നു പിടികൂടിയിട്ടുണ്ട്.
അനധികൃതമായി കഞ്ചാവ് കൃഷിയും, കച്ചവടവും പൊടിപൊടിക്കുന്ന കലിഫോർണിയ ഒറിഗണ്‍ അതിർത്തി ഗ്രാമങ്ങളിൽ മോഷണവും, അക്രമസംഭവങ്ങളും ലൈംഗീക അതിക്രമങ്ങളും വാഹനാപകടങ്ങളും വർധിച്ചു വരുന്നതായി അധികൃതർ വെളിപ്പെടുത്തി.
ഒറിഗണ്‍ അസംബ്ലിയിൽ ഇതു സംബന്ധിച്ചു ചൂടേറിയ വാദപ്രതിവാദങ്ങളും നടന്നതിന്റെ ഫലമായാണ് അന്വേഷണം ഉൗർജ്ജിതപ്പെടുത്തിയതും വലിയ കഞ്ചാവു ശേഖരം പിടികൂടിയതും.
പി.പി. ചെറിയാൻ
ഒറിഗണ്‍ വെയർഹൗസിൽ നിന്നും 3719 കോടി രൂപയുടെ കഞ്ചാവ് പിടികൂടി
11:21 PM Nov 22, 2021 | Deepika.com