സ്ത്രീകളുടെ സൈന്യത്തിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയതായി കുവൈറ്റ്

11:45 PM Oct 18, 2021 | Deepika.com
കുവൈറ്റ് സിറ്റി : സൈന്യത്തിൽ വനിതകളെ ചേര്‍ക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് മൊബിലൈസേഷൻ ഡയറക്ടർ കേണൽ താരിഖ് അൽ സബർ അറിയിച്ചു. കുവൈത്ത് പ്രതിരോധ മന്ത്രി ഹമദ് ജാബിർ അൽഅലിയാണ് കുവൈറ്റിലെ ചരിത്രത്തിൽ ആദ്യമായി വനിതകൾക്ക് സൈന്യത്തിൽ ചേരാൻ അനുമതി നല്‍കിയത്.

ആദ്യ ബാച്ചിലെ 200 പേരില്‍ 150 പേരെ അമിരി ഗാർഡിലേക്കും 50 പേരെ മെഡിക്കൽ സേവനങ്ങൾക്കുമാണ് നിയമിക്കുക. സൈന്യത്തില്‍ ചേരുന്ന യുവതികള്‍ക്ക് മൂന്ന് മാസത്തെ പരിശീലന കോഴ്സ് നല്‍കും.

പ്രതിരോധ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് വഴിയായിരിക്കും രജിസ്‌ട്രേഷൻ പ്രക്രിയയെന്നും വ്യക്തിഗത അഭിമുഖത്തിന് അപേക്ഷകരെ വിളിക്കുന്നതിന് മുമ്പായി സുരക്ഷാ, മെഡിക്കൽ കമ്മിറ്റികൾ അപേക്ഷകൾ പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുവൈത്തിൽ പൊലീസ് സേനയിൽ വനിതാ വിഭാഗം പ്രവർത്തിക്കുന്നുണ്ടെങ്കിലും സായുധ മിലിട്ടറി സർവിസിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത് ഇതാദ്യമായാണ്.

സലിം കോട്ടയിൽ