ഹെയ്ത്തിയിൽ 17 ക്രിസ്ത്യൻ മിഷണറിമാരെ തട്ടിക്കൊണ്ടുപോയതായി യുഎസ് റിലിജിയസ് ഗ്രൂപ്പ്

10:06 PM Oct 18, 2021 | Deepika.com
ഒഹായോ: ഹെയ്ത്തിയിൽ 17 യുഎസ് ക്രിസ്ത്യൻ മിഷനറിമാരെ തട്ടികൊണ്ടുപോയതായി ഒഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയ്ഡ് മിഷണറീസിന്‍റെ സന്ദേശത്തിൽ പറയുന്നു. ഇവരിൽ ഒരാൾ കനേഡിയൻ പൗരനാണ്. ശനിയാഴ്ച ഓർഫനേജിൽ നിന്നും പുറത്തുവരികയായിരുന്ന ഇവരെ ഹെയ്ത്തിയിലെ ഗുണ്ടാ സംഘാംഗങ്ങളാണ് തട്ടികൊണ്ടുപോയതെന്ന് ക്രിസ്ത്യൻ എയ്ഡ് മിഷനറീസ് സംഘടനാ നേതാക്കൾ പറഞ്ഞു. മിഷണറിമാർക്കു നേരെ നടക്കുന്ന ആക്രമങ്ങളെ നേതാക്കൾ അപലപിച്ചു.

ഹെയ്ത്തിയിലെ യുഎസ് എംബസിയുമായി മിഷൻ ഫീൽഡ് ഡയറക്ടർ ബന്ധപ്പെടുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഇവർ അറിയിച്ചു.തട്ടിക്കൊണ്ടുപോകൽ സംഭവത്തെ കുറിച്ച് അറിവു ലഭിച്ചതായി യുഎസ് ഗവൺമെന്‍റ് വക്താവ് പറഞ്ഞു. വിദേശങ്ങളിൽ കഴിയുന്ന യുഎസ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ചു മിഷണറിമാരും, ഏഴു സ്ത്രീകളും അഞ്ചു കുട്ടികളുമാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവർ. ഇതിൽ ഒരാൾ കനേഡിയൻ പൗരനാണെന്ന് സംഘടന അറിയിച്ചു.

ഹെയ്ത്തിയിൽ ഈയിടെ അഞ്ചു പുരോഹിതരേയും രണ്ടു കന്യാസ്ത്രീകളേയും തട്ടിക്കൊണ്ടു പോയിരുന്നു. 2021 ൽ മാത്രം 328 പേരെയാണ് ഗുണ്ടാസംഘങ്ങൾ തട്ടികൊണ്ടുപോയത്. തട്ടികൊണ്ടുപോയവരുടെ മോചനത്തിനായി പ്രാർഥിക്കണമെന്ന് മിഷനറീസ് സംഘടന അഭ്യർഥിച്ചു.

പി.പി. ചെറിയാൻ