അബുദാബി : ലോകത്തെ ഏറ്റവും വലിയ മൂന്നു പുസ്തകമേളകളിലൊന്നായ ഷാർജ രാജ്യാന്തര പുസ്തകമേള യ്ക്ക് ഒരുക്കം പൂർത്തിയായതായി അധികൃതർ പറഞ്ഞു. "എപ്പോഴുമുണ്ട്; ഒരു നല്ല പുസ്തകം’ എന്ന ശീർഷകത്തിൽ നവംബർ 3 മുതൽ 13 വരെ ഷാർജ അൽ താവൂനിലെ എക്സ്പോ സെന്ററിലാണ് 40ാമത് മേളയെന്ന് സംഘാടകരായ ബുക് അതോറിറ്റി ചെയർമാൻ അഹമദ് റക്കാദ് അൽ അമിരി അറിയിച്ചു.
സാഹിത്യത്തിനുള്ള ഇപ്രാവശ്യത്തെ നൊബേൽ ജേതാവ് ടാൻസാനിയൻ എഴുത്തുകാരൻ അബ്ദുൽ റസാഖ് ഗുർനയുടെ സാന്നിധ്യമാണ് മേളയിലെ ഏറ്റവും വലിയ സവിശേഷത. കൂടാതെ, അൾജീരിയൻ നോവലിസ്റ്റ് യാസ്മിന ഖുദ്ര, ’ദ് പെർസ്യൂട്ട് ഓഫ് ഹാപ്പിനസ്’ എന്ന പ്രശസ്ത അമേരിക്കൻ ചിത്രത്തിന് നിദാനമായ ബിസിനസ് മാൻ ക്രിസ് ഗാർഡ്നർ, ഇന്ത്യയിൽ നിന്ന് ഇംഗ്ലീഷ് എഴുത്തുകാരായ അമിതാവ് ഘോഷ്, ചേതൻ ഭഗത് അടക്കമുള്ളവരും, കേരളത്തിൽ നിന്ന് സന്തോഷ് ജോർജ് കുളങ്ങരയും പങ്കെടുക്കും.
മണിഹീസ്റ്റ് എന്ന ലോകപ്രശസ്ത ത്രില്ലർ ടിവി പരന്പരയുടെ അണിയറക്കാരും മേളയിൽ എത്തുന്നുണ്ട്. എഴുത്തുകാരെയും കലാകാര·ാരെയും കൂടാതെ പ്രസാധകരും സംഗമിക്കുന്ന 11 ദിവസത്തെ മേളയിൽ പുസ്തകപ്രകാശനം, സംവാദം, ചർച്ചകൾ, അഭിമുഖം തുടങ്ങിയവയും മറ്റു കലാസാംസ്കാരിക, സംഗീത, പാചക പരിപാടികളും അരങ്ങേറും.
സ്പെയിനാണ് ഇപ്രാവശ്യത്തെ അതിഥിരാജ്യം. ഇന്ത്യയുൾപ്പെടെ 81 രാജ്യങ്ങളിൽ നിന്ന് 1,559 പ്രസാധകർ പങ്കെടുക്കും. ഇന്ത്യയിൽ നിന്ന് മലയാളമുൾപ്പെടെ 83 പ്രസാധകരെത്തും. വെള്ളിയാഴ്ചകളിലൊഴിച്ച് രാവിലെ 10 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെയുമാണ് പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം. സന്ദർശകർ ഓണ്ലൈനിലൂടെ റജിസ്റ്റർ ചെയ്യണമെന്നു അധികൃതർ അറിയിച്ചു.
അനിൽ സി. ഇടിക്കുള
ഷാർജ രാജ്യാന്തര പുസ്തകമേളക്ക് ഒരുക്കങ്ങൾ പൂർത്തിയായി
10:38 PM Oct 15, 2021 | Deepika.com