കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നാൽപ്പത്തി മൂന്നാം പ്രവർത്തന വർഷത്തെ മെഗാ സാംസ്കാരിക മേളയായ ’അതിജീവന’ത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ഒക്ടോബർ 15, വെള്ളിയാഴ്ച വൈകിട്ട് 3.30ന് (ഇന്ത്യൻ സമയം 6ന്) ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന പരിപാടി കല കുവൈറ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയും യുടൂബ് ചാനലിലൂടെയും തത്സമയം സംപ്രേക്ഷണം നടത്തും. നാട്ടിൽ നിന്നും പ്രമുഖരായ നിരവധി വ്യക്തിത്വങ്ങളാണ് സാംസ്കാരിക സമ്മേളനത്തിന്റെയും അതോടനുബന്ധിച്ചു നടക്കുന്ന സംഗീത സന്ധ്യയുടേയും ഭാഗമായി സ്റ്റേജിലെത്തുക.
പൊതുമരാമത്ത്, ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജും, വിശിഷ്ടാതിഥിയായി പ്രമുഖ എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണനും പങ്കുചേരും. പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ഗാനസന്ധ്യയിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ മൃദുല വാര്യർ, കെ.കെ. നിഷാദ്, സംഗീത്, ഷബീർ അലി, കൂടാതെ പ്രശസ്ത കാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാര്യരും പങ്കെടുക്കും.
ലോകമെന്പാടുമുള്ള മുഴുവൻ മലയാളി സുഹൃത്തുക്കളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, അതിജീവനം ജനറൽ കണ്‍വീനർ സജി തോമസ് മാത്യു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
സലിം കോട്ടയിൽ
കല കുവൈറ്റ് മെഗാ സാംസ്കാരിക മേള ’അതിജീവനം’ ഒരുക്കങ്ങൾ പൂർത്തിയായി
09:20 PM Oct 15, 2021 | Deepika.com