ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 4 മില്യണ്‍ കവിഞ്ഞതായി സെപ്റ്റംബർ 25 ശനിയാഴ്ച വൈകിട്ട് പുറത്തുവിട്ട ഒൗദ്യോഗിക അറിയിപ്പിൽ പറയുന്നു. ശനിയാഴ്ച മാത്രം 12440 കോവിഡ് പോസിറ്റീവ് കേസുകളും, 317 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതായി സംസ്ഥാനസർക്കാരിന്റെ കണക്കിൽ കാണുന്നു. ടെക്സസിൽ മരണസംഖ്യ ശനിയാഴ്ചയോടെ 62,786 ആയി ഉയർന്നിട്ടുണ്ട്.
10349 പേർ ടെക്സസിലെ വിവിധ ആശുപത്രികളിൽ കഴിയുന്നതിൽ 2909 പേർ നോർത്ത് ടെക്സസിൽ നിന്നുള്ളവരാണ്. നോർത്ത് ടെക്സസിൽ ഡാളസ് ഫോർട്ട്വർത്ത് ഉൾപ്പെടെ 19 കൗണ്ടികളിൽ മാത്രം 17.4 ശതമാനം പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
15 ശതമാനത്തിൽ കൂടുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ സ്ഥിതി ആശങ്കാജനകമാകുമെന്ന് നേരത്തെ ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട് വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്തു ശനിയാഴ്ച വരെ 17153984 പേർക്ക് ഒരു ഡോസ് വാക്സിനേഷൻ നൽകി കഴിഞ്ഞുവെന്നും, 12 വയസിനു മുകളിലുള്ള സംസ്ഥാന ജനസംഖ്യയുടെ 61 ശതമാനം (14683383) പേർക്ക് രണ്ടു ഡോസ് വാക്സിനേഷൻ നൽകി കഴിഞ്ഞിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.
65 വയസിന് മുകളിലുള്ളവർക്കും 18 വയസിനു മുകളിൽ ഗുരുതര ആരോഗ്യ പ്രശ്നമുള്ളവർക്കും രണ്ടാമത്തെ ഡോസിനുശേഷം ആറു മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഫൈസർ വാക്സിൻ സ്വീകരിച്ചവർക്കാണു ബൂസ്റ്റർ ഡോസ് നൽകുകയെന്നും ഇവർ പറഞ്ഞു.
പി.പി. ചെറിയാൻ
ടെക്സസ് സംസ്ഥാനത്ത് കോവിഡ് ബാധിതർ നാലു മില്യണ്‍ കവിഞ്ഞു; ഒറ്റദിവസം 317 മരണം
09:51 PM Sep 27, 2021 | Deepika.com