ഇല്ലിനോയ് സംസ്ഥാനത്തെ അവസാന സീയേഴ്സ് സ്റ്റോറിനും പൂട്ടുവീണു

12:50 PM Sep 17, 2021 | Deepika.com
ഇല്ലിനോയ്: സംസ്ഥാനത്തെ അവസാനത്തെ സീയേഴ്സ് സ്റ്റോറിനും പൂട്ടുവീണു. വൻ സാന്പത്തിക ബാധ്യതയാണ് സ്ഥാപനം അടച്ചു പൂട്ടാൻ നിർബന്ധിതമാക്കിയതെന്ന് സിയേഴ്സ് കോർപ്പറേറ്റിന്‍റെ അറിയിപ്പിൽ പറയുന്നു.

ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന ഹോഫ്മാൻ എസ്റ്റേറ്റിനു ഒരു സ്ട്രീറ്റ് താഴെയുള്ള ഫീൽഡ് മാൾ സ്റ്റോറാണ് അടച്ചു പൂട്ടുന്നത്. ഹോളിഡേ സീസൻ അവസാനിക്കുന്ന നവംബർ അവസാനത്തോടെയായിരിക്കും അടച്ചുപൂട്ടുക.

കഴിഞ്ഞ 20 വർഷമായി നഷ്ടത്തിലേക്ക് കുപ്പുകുത്തുന്ന സീയേഴ്സിന്‍റെ സ്ഥാപനങ്ങൾ ഒന്നൊന്നായി അടച്ചുപൂട്ടുന്നത് നിരാശാജനകമാണെന്ന് ഇല്ലിനോയ് റീട്ടെയിൽ മർച്ചന്‍റസ് അസോസിയേഷൻ പ്രസിഡന്‍റ് റോന്പ് കാർ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ സ്ഥാപനമായ സീയേഴ്സിന്‍റെ പതനം അതിവേഗത്തിലുള്ളതായിരുന്നു. കന്പോളത്തിൽ വരുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ കഴിയാതിരുന്നതാകാം തകർച്ചയ്ക്ക് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

1892 ൽ ഷിക്കാഗോയിലാണ് സിയേഴ്സിന്‍റെ തുടക്കം. 2018 ലെ കണക്കനുസരിച്ച് 13.8 ബില്യൺ ഡോളറിന്‍റെ വരുമാനവും പ്രവർത്തന വരുമാനം 14.48 ബില്യൺ ഡോളറുമായിരുന്നു. വേൾപൂൾ, കെമാർട്ട് എന്നിവയും സീയേഴ്സിന്‍റെ ഭാഗമായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ