ഡാളസ്: ഡാളസ് കൗണ്ടിയിൽ മാത്രം സെപ്റ്റംബർ 14 ബുധനാഴ്ച 1000 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 21 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ആഴ്ചകളിൽ ഡാളസ് കൗണ്ടിയിൽ പ്രതിദിനം ആയിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും, 933 പേരെ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിക്കുകയും ചെയ്തതായി കൗണ്ടി റിപ്പോർട്ട് ചെയ്തു.
ഡാളസ് കൗണ്ടിയിൽ മാത്രം ഇതുവരെ 372656 കോവിഡ് കേസുകളും, 4474 മരണവും ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. കൗണ്ടിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്ന് ഡിഎഫ് ഡബ്യു ഹോസ്പിറ്റൽ കൗണ്‍സിൽ പറഞ്ഞു. ഡാളസ് കൗണ്ടി ജഡ്ജി ജങ്കിൻസും ഇതു ശരിവച്ചിട്ടുണ്ട്.
എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ തുടർന്നും പാലിക്കണമെന്നും കൂടുതൽ പേർക്ക് കോവിഡ് വാക്സീൻ ലഭിച്ചു കഴിയുന്നതുവരെ എല്ലാവരും സഹകരിക്കണമെന്നും ജഡ്ജി പ്രസ്താവനയിൽ അറിയിച്ചു. ഡാളസ് കൗണ്ടിയിൽ ഇതുവരെ 1525769 പേർക്ക് ഒരു ഡോസ് വാക്സീൻ ലഭിച്ചു കഴിഞ്ഞതായും ജഡ്ജി പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസ് കൗണ്ടിയിൽ കോവിഡ് കുറയുന്നു; ബുധനാഴ്ച 1000 പേർക്ക് രോഗം സ്ഥിരീകരിച്ചു; മരണം 21
11:08 PM Sep 16, 2021 | Deepika.com