കാസര്‍ഗോഡ്: പണത്തിനും സ്വത്തിനും വേണ്ടി മകളും ഭര്‍ത്താവും പീഡിപ്പിക്കുന്നതായി വൃദ്ധദമ്പതികള്‍. ചായ്യോം നരിമാളത്തെ എം.വി. തോമസ് (86), ഭാര്യ സെലിന് തോമസ് (75) എന്നിവരാണ് മൂത്ത മകള്‍ ജയ ഷൈമോജിന് എതിരെ പത്രസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. 16 വര്‍ഷം മുമ്പ് സ്ത്രീധനം നല്‍കിയാണ് മകളെ വിവാഹം നടത്തി അയച്ചത്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോയി. മൂന്നുവര്‍ഷം മുമ്പ് മകള്‍ രണ്ടാമത്തെ ഭര്‍ത്താവും മക്കളുമായി വീട്ടില്‍ വന്നു തുടങ്ങി. പിന്നീട് വീട്ടില്‍ തന്നെ സ്ഥിരതാമസമാക്കി. വീട്ടില്‍ താമസിക്കുന്നതിനിടയില്‍ ടോയ്ലറ്റ് നിര്‍മിക്കുന്നതിന് 50,000 രൂപ ബാങ്കില്‍ നിന്ന് വായ്പയെടുക്കണമെന്നാവശ്യപ്പെട്ട് വീട് സ്ഥിതി ചെയ്യുന്ന 25 സെന്റ് സ്ഥലം മകളുടെ പേരില്‍ എഴുതിവാങ്ങി. എന്നാല്‍ എട്ടരലക്ഷം രൂപയാണ് വായ്പയെടുത്തത്. അതിനുശേഷം പീഡനം തുടങ്ങിയെന്നും ഇരുവരും പറഞ്ഞു.
പ്രശ്നം രൂക്ഷമായതോടെ അയല്‍വാസികളുടെ സഹായത്തോടെ ആര്‍ഡിഒക്ക് പരാതി നല്കി. വിചാരണക്കൊടുവില്‍ ആര്‍ഡിഒ സ്വത്ത് തിരികെ വാങ്ങി നല്കി. എന്നാല്‍ ആര്‍ഡിഒയുടെ ഉത്തരവ് ചോദ്യം ചെയ്ത് മകള്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചിരിക്കുകയാണ്. സെയില്‍ ടാക്സ് വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത എം.വി. തോമസിന് ലഭിക്കുന്ന പെന്ഷന് കൊണ്ടാണ് ജീവിക്കുന്നതെന്നും വിവിധ അസുഖങ്ങള്‍ക്ക് ചികിത്സ നടത്തിവരുന്നുണ്ടെന്നും ഇരുവരും പറഞ്ഞു.
അതിനിടയിലാണ് 25 ലക്ഷം രൂപയും 10 സെന്റ് സ്ഥലവും വേണമെന്നാവശ്യപ്പെട്ട് മകളും ഭര്‍ത്താവും പീഡിപ്പിക്കുന്നതെന്നാണ് ഇരുവരും പറയുന്നത്. അയല്‍വാസികളായ കെ.ജെ. തോമസ്, എം.എം. മത്തായി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പണത്തിനും സ്വത്തിനും വേണ്ടി മകള്‍ പീഡിപ്പിക്കുന്നതായി വൃദ്ധദമ്പതികള്‍
01:07 AM Feb 09, 2023 | Deepika.com