കാഞ്ഞങ്ങാട്: നെഹ്റു കോളജ് സാഹിത്യവേദിയുടെ ആറാമത് കാവ്യോത്സവം "ഒസറ്-കവിതയുടെ ദിക്കും നോക്കും' 10, 11 തീയതികളില്‍ കോളജില്‍ നടക്കും. 10ന് രാവിലെ 9.30ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. കെ.വി. മുരളി അധ്യക്ഷതവഹിക്കും. ചടങ്ങില്‍ പി പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് പി. കുഞ്ഞിരാമന് നായരുടെ മകന് രവീന്ദ്രന്‍നായര്‍ സമ്മാനിക്കും. ശ്രീകുമാരന്‍ തമ്പിയുമായി ഡോ. എ.വി. സുരേഷ് കുമാര്‍ നടത്തുന്ന അഭിമുഖത്തോടെയാണ് ഒന്നാം ദിവസത്തെ സെഷനുകളുടെ ആരംഭം.
തുടര്‍ന്ന് കവിതയുമായി ബന്ധപ്പെട്ട വ്യത്യസ്ത ചിന്തകള്‍ സംവാദരൂപത്തിലും കലാരൂപത്തിലുമായി വേദികളില്‍ അരങ്ങേറും. കാവ്യനൃത്തം, മോണോഡ്രാമ, നാടന്‍പാട്ട് തുടങ്ങിയ പരിപാടികള്‍ വ്യത്യസ്ത വേദികളിലായി നടക്കും. 11നു നടക്കുന്ന സമാപന സമ്മേളനത്തില്‍ കല്പറ്റ നാരായണന് ഉദ്ഘാടനം ചെയ്യും.
പി.എന്‍. ഗോപികൃഷ്ണന് മുഖ്യാതിഥിയായിരിക്കും. പത്രസമ്മേളനത്തില്‍ സാഹിത്യ വേദി പ്രസിഡന്റ് ഡോ. കെ.പി. ഷീജ, ഡോ.ടി. ദിനേശന്, വി. വിജയകുമാര്‍, ഡോ. ധന്യ കീപ്പേരി, പി.വി. ജിതിന്, എം.കെ. ശ്രീരാഗ്, വി.എം. മൃദുല്‍, ചൈതന്യ ബാബു, മഞ്ജി ചാരുത എന്നിവര്‍ സംബന്ധിച്ചു.
ഒസറ് കാവ്യോത്സവം നാളെ മുതല്‍
01:07 AM Feb 09, 2023 | Deepika.com