കാഞ്ഞങ്ങാട്: കോവളം-ബേക്കല്‍ ദേശീയ ജലപാതയുടെ ഭാഗമായി നീലേശ്വരം-ചിത്താരി പുഴകള്‍ക്കിടയില്‍ ആറര കിലോമീറ്റര്‍ നീളത്തില്‍ കൃത്രിമ കനാല്‍ നിര്‍മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കനാല്‍ കടന്നുപോകുന്ന വഴിയിലെ ഉയരം കുറഞ്ഞ പാലങ്ങള്‍ പൊളിച്ച് ആറുമീറ്ററെങ്കിലും ഉയരത്തില്‍ പുതിയവ നിര്‍മിക്കുകയാണ് ആദ്യ പടി.
പദ്ധതിയുടെ ഭാഗമായി പൊളിച്ചുമാറ്റുന്ന അരയി കോട്ടക്കടവിലെ പഴയ തൂക്കുപാലം ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങിയ സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. ഇവിടെ ആറു മീറ്റര്‍ ഉയരത്തില്‍ പുതിയ ഇരുമ്പുപാലം നിര്‍മിക്കുന്നതിന് 1.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നഗരസഭാധ്യക്ഷ കെ.വി. സുജാത, സ്ഥിരം സമിതി അധ്യക്ഷ കെ.വി. മായാകുമാരി, കൗണ്‍സിലര്‍മാരായ കെ. അനീഷ്, പി. മുഹമ്മദ് കുഞ്ഞി, ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് എക്സി. എന്‍ജിനിയര്‍ എ. അനൂപ് എന്നിവര്‍ സംബന്ധിച്ചു.
നീലേശ്വരം-ചിത്താരി പുഴകളെ ബന്ധിപ്പിച്ചുകൊണ്ട് അരയി മുതല്‍ അജാനൂര്‍ പഞ്ചായത്തിലെ മഡിയന്‍ വരെ കൃത്രിമ കനാല്‍ നിര്‍മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 178 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരമുള്ള ഉയര്‍ന്ന തുകയാണ് സ്ഥലമുടമകള്‍ക്ക് നല്‍കുക. കനാലിന്റെ രണ്ടു ഭാഗങ്ങളിലും റോഡുകളും ആവശ്യമായ ഇടങ്ങളില്‍ മേല്പാലങ്ങളും നിര്‍മിക്കും.
ഹോസ്ദുര്‍ഗ്, ബല്ല, അജാനൂര്‍ വില്ലേജുകളിലായി ആകെ 42.8485 ഹെക്ടര്‍ സ്ഥലമാണ് കനാലിനായി ഏറ്റെടുക്കുന്നത്. ഇതോടൊപ്പം നമ്പ്യാര്‍ക്കാല്‍ അണക്കെട്ടിന് സമീപം നോവിഗേഷന് ലോക്ക് നിര്‍മിക്കുന്നതിനായി 1.306 ഹെക്ടറും ഏറ്റെടുക്കും. ഈ രണ്ട് പദ്ധതികള്‍ക്കും ഭരണാനുമതി ആയിട്ടുണ്ട്.
അരയിയില്‍ നിന്ന് കാരാട്ടുവയല്‍, നെല്ലിക്കാട്ട്, അതിയാമ്പൂര്, വെള്ളായിപ്പാലം വഴിയാണ് കനാല്‍ മഡിയനിലേക്ക് പോവുക. അരയിപ്പുഴയില്‍ നിന്ന് കാരാട്ടുവയല്‍ ജലസേചന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിട്ടുള്ള ചെറിയ കനാലിന് ആഴവും വീതിയും കൂട്ടിയായിരിക്കും പുതിയ കനാലിന്റെ തുടക്കത്തിലുള്ള ഭാഗം നിര്‍മിക്കുക. ജില്ലാ ആശുപത്രിക്കും കൂളിയങ്കാലിനുമിടയില് വച്ചാണ് ഈ കനാല്‍ ദേശീയപാത മുറിച്ചുകടക്കുന്നത്. ഇവിടെ വീതിയും ആഴവും കൂട്ടുന്ന പ്രവൃത്തി ഈ ഭാഗത്ത് പുതിയ പാതയുടെ നിര്‍മാണം നടക്കുന്നതിനു മുമ്പ് പൂര്‍ത്തിയാക്കുകയെന്നതാണ് ഏറ്റവും വലിയ കടമ്പ.
കനാല്‍ നിര്‍മിക്കുമ്പോള്‍ ഇവിടെ നിലവിലുള്ള കലുങ്കിന്റെ സ്ഥാനത്ത് ആറു മീറ്റര്‍ ഉയരമുള്ള പാലം തന്നെ നിര്‍മിക്കേണ്ടിവരും. ഇതിനായി ദേശീയപാത അഥോറിറ്റിയുടെ അനുമതി ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. അരയി, ഗുരുവനം ഭാഗത്തേക്കുള്ള റോഡിനെയും ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിനെയും ബന്ധിപ്പിച്ച് കൂളിയങ്കാലില്‍ അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യം നേരത്തേയുണ്ട്. അടിപ്പാതയും അതിന് സമാന്തരമായി കനാലും നിര്‍മിച്ച് ഒറ്റ പദ്ധതിയായി നടപ്പാക്കിയാല്‍ അത് ഏറെ പ്രയോജനകരമാകുമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.
ജലപാത വരുമ്പോള്‍ നീലേശ്വരം പുഴയ്ക്ക് കുറുകേ ദേശീയപാതയിലുള്ള പഴയ പാലവും ഉയരക്കുറവ് മൂലം പൊളിച്ചുമാറ്റേണ്ടിവരും. ഇവിടെ ഇപ്പോള്‍ നിര്‍മിക്കുന്ന പുതിയ പാലം ആറുമീറ്റര്‍ ഉയരത്തിലായിരിക്കണമെന്നാണ് നിര്‍ദേശം. നമ്പ്യാര്ക്കാലിലും ചിത്താരി അള്ളങ്കോട്ടും പുതിയ പാലങ്ങള്‍ നിര്‍മിക്കും. ഉയരം കുറഞ്ഞ നടപ്പാലങ്ങളുള്പ്പെടെ പൊളിച്ചുമാറ്റി ആറുമീറ്റര്‍ ഉയരത്തില്‍ പുതിയവ നിര്‍മിക്കേണ്ടിവരും. കനാലിലെ ജലനിരപ്പ് സ്ഥിരമായി നിലനിര്‍ത്തുന്നതിനായി അരയി, മഡിയന്‍, ചിത്താരി എന്നിവിടങ്ങളില്‍ പുതിയ റഗുലേറ്ററുകളും നിര്‍മിക്കും.
ചെലവുകുറഞ്ഞ ജലഗതാഗത മാര്‍ഗങ്ങളും ചരക്കുനീക്കവും പ്രോത്സാഹിപ്പിക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തേക്കാളുപരി വിനോദസഞ്ചാര വികസനമാണ് ഉള്‍നാടന്‍ ജലപാത കൊണ്ട് കൂടുതലായി ലക്ഷ്യം വയ്ക്കുന്നത്. കോവളം-ബേക്കല്‍ ജലപാത പൂര്‍ത്തിയാകുമ്പോള്‍ അതില്‍ 35 കിലോമീറ്ററെങ്കിലും ഇടവിട്ട് ഓരോ ടൂറിസം ഗ്രാമങ്ങള്‍ വികസിപ്പിക്കണമെന്നാണ് പദ്ധതിരേഖയിലെ നിര്‍ദേശം. ഇതുവഴി പ്രാദേശികമായ വിനോദസഞ്ചാര സാധ്യതകളും തൊഴിലവസരങ്ങളും ലഭ്യമാക്കാനാകും. ചിത്താരിപ്പുഴയില്‍ നിന്ന് ജലപാത ചെന്നവസാനിക്കുക പൊയ്യക്കരയില്‍ നിര്‍മിക്കുന്ന നിര്‍ദിഷ്ട ബേക്കല്‍ ടൂറിസം വില്ലേജിലായിരിക്കും.
ജില്ലയില്‍ ഉള്‍നാടന്‍ ജലപാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
01:07 AM Feb 09, 2023 | Deepika.com