ഒറ്റപ്പാലം : ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റുകളും കൈയടക്കി തെരുവുനായ്ക്കൾ. ലിഫ്റ്റിനു മുൻപിൽ കിടക്കുന്ന തെരുവുനായ്ക്കളെ മറികടന്നു വേണം യാത്രക്കാർക്ക് സഞ്ചരിക്കാൻ. പലപ്പോഴും ഇവ കൂട്ടത്തോടെയും ലിഫ്റ്റിന് മുന്പിൽ കിടക്കുന്ന സ്ഥിതിയുണ്ട്.
റെയിൽവേ സ്റ്റേഷനിൽ ഒന്നാം നന്പർ പ്ലാറ്റ്ഫോമിൽ നിന്നും രണ്ടാം നന്പർ പ്ലാറ്റ്ഫോമിലേക്കും തിരിച്ചുമാണ് ലിഫ്റ്റ് സൗകര്യമുള്ളത്. രണ്ടു ഭാഗത്തും ലിഫ്റ്റിനു മുൻപിൽ തെരുവുനായ്ക്കൾ കിടക്കുന്ന സ്ഥിതിയാണ്. ഇതിനു പുറമെ യാത്രക്കാർക്ക് ഇരിക്കാനുള്ള കസേരകൾക്കടിയിലും ഇവ കിടക്കുന്നുണ്ട്.
നായയുടെ കടി പേടിച്ച് സ്ത്രീകളും കുട്ടികളും പ്രായമായവരും ലിഫ്റ്റ് ഉപേക്ഷിച്ച് പടികൾ കയറിയിറങ്ങുകയാണിപ്പോൾ.
അസൗകര്യങ്ങൾ ഏറെയുള്ള ഒറ്റപ്പാലം സ്റ്റേഷനിൽ നിന്ന് പട്ടി കടിക്കൂടി യാത്രക്കാർക്ക് കിട്ടാൻ സാധ്യതയുണ്ട്. യാത്രക്കാർക്ക് നേരെയും റെയിൽവേ ജീവനക്കാർക്ക് നേരെയും തെരുവുനായ്ക്കൾ കുരച്ചു ചാടുന്നതും പതിവായി തീർന്നിട്ടുണ്ട്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിൽ തെളിവുനായകൾ സ്വൈരവിഹാരം നടത്തുന്നുണ്ട്.
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റുകളും കൈയടക്കി തെരുവുനായ്ക്കൾ
12:45 AM Feb 09, 2023 | Deepika.com