മുവാറ്റുപുഴ: സംസ്ഥാന ബജറ്റിൽ മൂവാറ്റുപുഴയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഫയർ സ്റ്റേഷൻ പുനർ നിർമിക്കുന്നതിന് ടോക്കണ്‍ മണിയായി ബജറ്റിൽ അനുവദിച്ച 100 രൂപ ധനമന്ത്രിക്കു തിരികെ അയച്ച് പ്രതിഷേധിച്ചു.
സമീപ നിയോജക മണ്ഡലങ്ങളെ അപേക്ഷിച്ച് മൂവാറ്റുപുഴയെ പൂർണമായും അവഗണിച്ചുള്ള ബജറ്റാണ് ഉണ്ടായത്.
മൂവാറ്റുപുഴയുടെ വികസനത്തിനായി മാത്യു കുഴൽനാടന് എംഎൽഎയുടെ നേതൃത്വത്തിൽ നിരവധി പദ്ധതികൾ നൽകിയെങ്കിലും ഒരു പദ്ധതിക്ക് മാത്രമാണ് ബജറ്റിൽ തുക അനുവദിച്ചത്. മൂവാറ്റുപുഴയുടെ വികസനത്തിനായി നിരവധി ആവശ്യങ്ങൾ നിലനിൽക്കെ ഒരു ആവശ്യം പോലും അംഗീകരിക്കാതെ ശോചനീയാവസ്ഥയിലായ ഫയർസ്റ്റേഷൻ പുനർ നിർമിക്കുന്നതിന് ടോക്കണ്‍ മണിയായി 100 രൂപ ബജറ്റിൽ അനുവദിച്ചത് മൂവാറ്റുപുഴയിലെ ജനങ്ങളെ അപഹസിക്കുന്നതിനു തുല്യമാണെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന പ്രതിഷേധം യോഗം നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിക്കു വർഗീസ് താണിവീടൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ്, മുൻ നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ, ജില്ലാ സെക്രട്ടറിമാരായ റിയാസ് താമരപ്പിള്ളി, ജിന്റോ ടോമി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി. ജോയി, ടൗണ്‍ മണ്ഡലം പ്രസിഡന്റ് ഹിപ്സണ്‍ ഏബ്രഹാം, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ കബീർ പൂക്കടശേരി, ഷാജി പാലപ്പുറം, ബിജു പുളിക്കൻ, ജിഷാദ് സിജെ, ഉമ്മർ മക്കാർ തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഫയർ സ്റ്റേഷന് അനുവദിച്ച 100 രൂപ ടോക്കണ്‍ തിരികെ അയച്ചു
12:38 AM Feb 09, 2023 | Deepika.com