വാഷിംഗ്ടൺ ഡിസി: ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ 20-ാം വാർഷികദിനത്തിൽ അമേരിക്കൻ ജനതയോട് ഒത്തൊരുമിച്ചു നിലകൊള്ളാൻ ആഹ്വാനം ചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ.
കാലമെത്ര കഴിഞ്ഞാലും ദുരന്തദിനത്തിന്റെ ഓർമകൾ അമേരിക്കൻ ജനതയെ വേട്ടയാടിക്കൊണ്ടിരിക്കുമെന്നും സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ തലേന്നു പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ആക്രമണത്തിൽ കൊല്ലപ്പെട്ട 2,977 പേരെയും സ്വരക്ഷ അവഗണിച്ച് രക്ഷാപ്രവർത്തത്തിൽ ഏർപ്പെട്ട അനേകരേയും ബൈഡൻ പ്രത്യേകം അനുസ്മരിച്ചു.
യുഎസിൽ ഉടനീളം ഇന്നലെ പ്രത്യേക അനുസ്മരണ പരിപാടികൾ നടന്നു. ആക്രമണം നടന്ന മൂന്നു സ്ഥലങ്ങളിലെ പരിപാടികളിൽ ബൈഡനും പത്നി ജിൽ ബൈഡനും നേരിട്ടു പങ്കെടുത്തു.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ജോ ബൈഡന് പ്രത്യേക അനുസ്മരണ സന്ദേശം അയച്ചു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും രക്ഷാപ്രവർത്തകരും തന്റെ പ്രാർഥനയിലുണ്ടെന്ന് അവർ പറഞ്ഞു. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലുമുള്ള വിശ്വാസത്തെ ഇളക്കുന്നതിൽ ഭീകരർ പരാജയപ്പെട്ടതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു.
സെപ്റ്റംബർ ഭീകരാക്രമണത്തിന്റെ ഓർമയിൽ അമേരിക്ക; ഐക്യത്തിന് ആഹ്വാനം ചെയ്ത് ബൈഡൻ
08:02 PM Sep 12, 2021 | Deepika.com