കട്ടപ്പന: ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി എഐസിസി അംഗം ഇ.എം. ആഗസ്തിയും യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും ആരോപിച്ചു.
ബാങ്കിലെ യഥാർഥ വോട്ടർമാർക്ക് യഥാസമയം ഐഡി കാർഡുകൾ നൽകുന്നില്ല. ഏതൊക്കെ ബ്രാഞ്ചുകളിലാണ് ഐഡി കാർഡുകൾ നൽകുന്നതെന്ന വിവരം സ്ഥാനാർഥികളെ മുൻകൂട്ടി അറിയിക്കുകയോ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നില്ല.
തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വ്യക്തിയെ ഭീഷണിപ്പെടുത്തി ചുമതലയിൽനിന്നു നീക്കുകയും സെക്രട്ടറിയുടെ ചുമതല വഹിക്കാൻ യോഗ്യത ഇല്ലാത്ത വ്യക്തിയെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കയാണ്. ഇയാൾ ബാങ്കിന്റെ രേഖകൾ കടത്തിക്കൊണ്ടുപോയി വ്യാജ കാർഡുകൾ ഉണ്ടാക്കുന്നതായും നേതാക്കൾ ആരോപിച്ചു.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചാൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ പാടില്ലെന്ന ചട്ടം ലംഘിച്ചിരിക്കുകയുമാണ്. ബാങ്കിലെ 2,000 അംഗങ്ങളെ വോട്ടർ പട്ടികയിൽനിന്നു നീക്കംചെയ്തത് ആസൂത്രിതമാണ്. ഓഹരി ഉടമകൾക്ക് വോട്ടവകാശം നിഷേധിച്ചതിലൂടെ ബാങ്ക് പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കമാണു നടക്കുന്നതെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
യുഡിഎഫ് നേതാക്കളായ ജോണി കുളംപള്ളി, മനോജ് മുരളി, ഫിലിപ്പ് മലയാറ്റ്, തോമസ് മൈക്കിൾ, ജോയി കുടക്കച്ചിറ, സിജു ചക്കുംമൂട്ടിൽ തുടങ്ങിയവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
വടംവലി മത്സരം
കട്ടപ്പന: കൊച്ചറ സെന്റ് മേരീസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം സംഘടിപ്പിക്കുന്ന രണ്ടാമത് അഖില മലങ്കര വടംവലി മത്സരം 12നു വൈകുന്നേരം അഞ്ചിനു കൊച്ചറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി അങ്കണത്തിൽ നടത്തും. കോവിൽമല രാജാവ് രാമൻ രാജമന്നാൻ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ. ജോബിൻ കെ. ജോർജ് അധ്യക്ഷത വഹിക്കും.
മികച്ച കായികപ്രതിഭകളെ യോഗത്തിൽ ആദരിക്കും. മലങ്കര സഭയുടെ വിവിധ ഭദ്രാസനങ്ങളിൽനിന്നു യുവജനപ്രസ്ഥാനം യൂണിറ്റുകൾ നേതൃത്വം നൽകുന്ന മുപ്പതിലധികം ടീമുകൾ മൽസരത്തിൽ പങ്കെടുക്കും.
സഹകരണ ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നു യുഡിഎഫ്
11:02 PM Feb 08, 2023 | Deepika.com