തുറവൂർ: ജില്ലയിൽ അതിദാരിദ്ര്യ നിർമാർജനയജ്ഞത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ കൃഷ്ണതേജ നടപ്പിലാക്കിയ ചിൽഡ്രൻസ് ഫോർ ആലപ്പി ഒരുപിടി നന്മ ആറിന് ആരംഭിച്ച് വിജയകരമായി നടപ്പിലാക്കി വരുന്നു. ചേർത്തല താലൂക്കിൽ എഴുപുന്ന സെന്റ് ആൻ്റണീസ് ഗവ. എൽപി സ്കൂളിലെ അധ്യാപകരും കുട്ടികളും ഒരു പിടി നന്മ പദ്ധതിയെ ഒരുപടി മുന്നിലേക്ക് നയിച്ചത് വേറിട്ടൊരു കാഴ്ചയാകുന്നു. എഴുപുന്നയിലെ അക്ഷയപാത്രമെന്നറിയപ്പെടുന്ന സെഹിയോൻ ഊട്ടുശാലയിലേക്ക് കൃത്യമായ ഇടവേളകളിൽ ഉച്ചഭക്ഷണ പൊതിച്ചോറുകൾ നൽകുന്നതിന് സ്കൂൾ കുട്ടികൾ സ്വമേധയാ മുന്നോട്ടുവന്നു.
പിന്തുണയുമായി അധ്യാപകരും രക്ഷിതാക്കളും ഒപ്പമുണ്ട്. ഒരു സാഹചര്യത്തിലും ആഹാരത്തിന് ആർക്കും പ്രയാസമുണ്ടാകാതിരിക്കുക എന്നതാണ് ലക്ഷ്യം. പത്തു സന്നദ്ധ പ്രവർത്തകരും നിലവിലുണ്ട്. സെന്റ് ആന്റണീസ് എൽപി സ്കൂൾ കുട്ടികളുടെ വേറിട്ട ആശയവും ഊട്ടുശാലയ്ക്കു പ്രയോജനമാകും. വളർന്നുവരുന്ന തലമുറയിലേക്ക് പങ്കുവയ്ക്കലിന്റെ സന്ദേശം കൈമാറുകയാണിതിന്റെ ലക്ഷ്യമെന്ന് പ്രധാനാധ്യാപിക ബിന്ദു ശ്രീകുമാർ പറഞ്ഞു. ഫാ. സെബാസ്റ്റ്യൻ അറോജ്, സിസ്റ്റർ റീത്താമ്മ, സ്കൂൾ ഹെഡ്മിസ്ട്രസ്, അധ്യാപകർ, അനധ്യാപകർ, അഡ്വ. ഷൈജു ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.
ഒരുപിടി നന്മ... ഒരുപടി മുന്നിൽ...
09:25 PM Feb 08, 2023 | Deepika.com