വെള്ളരിക്കുണ്ട്: ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിലെ അവ്യക്തത പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ്. കേരളത്തിലെ ബേക്കറി ഹോട്ടല്‍ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് 15 മുതല്‍ കേരള സര്‍ക്കാര്‍ ഹെല്‍ത്ത് ഓര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വേണ്ടത്ര മുന്നൊരുക്കങ്ങളോ ആലോചനകളോ ഇല്ലാതെയാണ് ഈ പദ്ധതി സര്‍ക്കാര്‍ വ്യാപാരികളുടെ മേല്‍ അടിപ്പിച്ചിരിക്കുന്നത്. ഗവ. ആശുപത്രികളില്‍ ഈ മാസം തുടക്കം മുതല്‍ ഹെല്‍ത്ത് കാര്‍ഡിനാവശ്യമായ ടെസ്റ്റുകള്‍ വ്യാപാരികള്‍തന്നെ പണമടച്ച് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഭൂരിപക്ഷം ആളുകളും അന്ന് ടെസ്റ്റിന് വിധേയമായിരുന്നു. പിറ്റേദിവസം കാര്‍ഡ് ചെയ്യും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ടൈഫോയ്ഡ് വാക്സിന് എടുത്തവര്‍ക്ക് മാത്രമെ ഹെല്‍ത്ത് കാര്‍ഡ് നല്‍കുകയുള്ളു എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ടൈഫോയ്ഡ് വാക്സിന് ഇപ്പോള്‍ ലഭ്യമല്ല താനും. ടെസ്റ്റുകള്‍ക്ക് ഇപ്പോള്‍ത്തന്നെ ആയിരത്തോളം രൂപ ചെലവാകുന്നുണ്ട്. ഇത് തൊഴിലുടമന്നെയാണ് വഹിക്കുന്നത്. കൂടാതെ ഈ തൊഴിലാളി ഒണ്ടോ മൂന്നോ മാസം കഴിഞ്ഞ് പോകുകയാണെങ്കില്‍ പുതിയ ആള്‍ക്ക് വീണ്ടു കാര്‍ഡ് എടുക്കേണ്ടിവരും.
ആയതിനാല്‍ ഇത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ നേരിട്ട് ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുക. 15 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുകയോ ഇതിനുവേണ്ടി കടകളില്‍ പരിശോധന നടത്തുകയോ ചെയ്താല്‍ ശക്തിയായി എതിര്‍ക്കുമെന്ന് വ്യാപാരി നേതാക്കള്‍ പത്രസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്കി. യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാന്, ജനറല്‍ സെക്രട്ടറി ബാബു കല്ലറയ്ക്കല്‍, ട്രഷറര്‍ കെ.എം.കേശവന് നമ്പീശന്, റിങ്കു മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വാര്‍ഡംഗം കെ.ആര്.ബിനു പങ്കെടുത്തു.
ഹെല്‍ത്ത് കാര്‍ഡ്: അവ്യക്തത പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി
01:16 AM Feb 08, 2023 | Deepika.com