വള്ളിക്കടവ്: മലയോരത്തെ വോളിബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ജോര്‍ജ് മുത്തോലിയുടെ ദാനഭൂമിയില്‍ വള്ളിക്കടവില്‍ ഫ്ളഡ്ലിറ്റ് സ്റ്റേഡിയനിര്‍മാണം പൂര്‍ത്തിയായി. സെന്റ് ജോര്‍ജ് ഫെറോന ദേവാലയത്തിനു മുന്നിലാണ് എല്ലാവിധ സൗകര്യങ്ങളോടെയും സ്റ്റേഡിയനിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്.
മാലോത്തിന്റെ വികസന ശില്പി പരേതനായ ജോര്‍ജ് മുത്തോലി ദാനമായി നല്കിയ സ്ഥലത്താണ് റിക്രിയേഷന്‍ ക്ലബിന്റെയും നാട്ടുകാരുടെയും സഹായത്തോടെ രണ്ടരലക്ഷംരൂപ ചെലവില്‍ മനോഹരമായ സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. നാളെ മുതല്‍ ആരംഭിക്കുന്ന ഉത്തരമേഖലാ വോളിബോള്‍ മത്സരത്തോടെ മലയോരത്തെ ആദ്യത്തെ ഫ്ളഡ്ലിറ്റ് വോളിബോള്‍ സ്റ്റേഡിയത്തില്‍ കളിയാരവം ഉയരും.
ഫെറോന വികാരി ഫാ.ജോസഫ് വാരണത്ത് അനുഗ്രഹഭാഷണത്തോടെ സ്റ്റേഡിയം നാടിനു സമര്‍പ്പിക്കും. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്തരമേഖല വോളിബോള്‍ മത്സരം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്മാന് വി.ജെ.ആന്‍ഡ്രൂസ് അധ്യക്ഷത വഹിക്കും. വെള്ളരിക്കുണ്ട് എസ്ഐ എം. പി.വിജയകുമാര്‍ മുഖ്യാതിഥി ആയിരിക്കും. ചടങ്ങില്‍ ആദ്യകാല വോളിബോള്‍ താരങ്ങളെ ഫാ.സാം ടി. സാമുവല്‍ ആദരിക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രമുഖ വോളിബോള്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
ഒരുങ്ങി, മലയോരത്തെ ആദ്യ സ്ഥിരം ഫ്ളഡ്ലിറ്റ് സ്റ്റേഡിയം
01:16 AM Feb 08, 2023 | Deepika.com