ബേക്കല്‍: ഒരുകാലത്ത് വിഐപി പരിവേഷമുണ്ടായിരുന്ന കെ-റെയിലിന്റെ നൂറിലധികം മഞ്ഞക്കുറ്റികള്‍ തൃക്കണ്ണാടിന് സമീപം സംസ്ഥാന പാതയോരത്ത് ആര്‍ക്കും വേണ്ടാതെ കിടക്കുന്നു. സര്‍വേയും സ്ഥലമെടുപ്പും യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നിരുന്ന കാലത്ത് ഇവിടെ കൊണ്ടിറക്കിയ കുറ്റികളാണ് ഇവ.
ഇതില്‍ നിന്നും കുറേയെണ്ണം സമീപപ്രദേശങ്ങളില്‍ സര്‍വേയുടെ ഭാഗമായി സ്ഥാപിക്കുകയും പിഴുതെറിയപ്പെടുകയുമൊക്കെ ചെയ്തിരുന്നു. അവശേഷിച്ചവയാണ് ഇവിടെ അനാഥമായി കിടക്കുന്നത്.
കെ-റെയിലിനന്റെ സര്‍വേയ്ക്കും ഭൂമി ഏറ്റെടുക്കലിനുമായി പള്ളിക്കര കോട്ടക്കുന്നില്‍ തുടങ്ങിയ സ്പെഷല്‍ തഹസില്‍ദാര്‍ ഓഫീസുമായി ബന്ധപ്പെട്ടാണ് ഇവിടെ മഞ്ഞക്കുറ്റികള്‍ കൊണ്ടിറക്കിയത്. സര്‍വേ തന്നെ ഫലത്തില്‍ നിലച്ചതോടെ ഈ ഓഫീസിന്റെ പേരില്‍ നിന്നും കെ-റെയില്‍ എന്നത് മാറ്റി ഭൂമി ഏറ്റെടുക്കലിനുള്ള സ്പെഷല്‍ തഹസില്‍ദാര്‍ ഓഫീസ് എന്നു മാത്രമാക്കി. വിവിധ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ നിര്‍വഹിക്കുന്നതെന്നാണ് ഉദ്ദേശ്യം.
ഒരു തഹസില്‍ദാറും ജൂണിയര്‍ സൂപ്രണ്ടുമുള്‍പ്പെടെ 13 ജീവനക്കാര്‍ ഇപ്പോഴും ഇവിടെയുണ്ട്. സര്‍വേ നടന്ന കാലത്ത് 18 പേരാണ് ഉണ്ടായിരുന്നത്.
സര്‍വേയുമായി ബന്ധപ്പെട്ട് അധിക ചുമതല നല്കിയ വേറെയും ജീവനക്കാരുണ്ടായിരുന്നു. അധിക ചുമതലക്കാരും മറ്റ് അഞ്ചു പേരും മാത്രമാണ് പഴയ ഓഫീസുകളിലേക്ക് തിരിച്ചുപോയത്.
പാതയോരത്ത് അനാഥമായി കെ-റെയിലിന്റെ മഞ്ഞക്കുറ്റികള്‍
01:16 AM Feb 08, 2023 | Deepika.com