ഷൊര്‍ണൂര്‍: ഭാരതപ്പുഴയെ കത്തിക്കുന്നതിനെതിരെ പട്ടാമ്പി താലൂക്ക് വികസന സമിതിയും രംഗത്ത്.
വേനല്‍ക്കാലത്ത് ഭാരതപ്പുഴയിലെ കുറ്റിക്കാടുകളില്‍ തീയിടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് താലൂക്ക് വികസന സമിതിയില്‍ തീരുമാനമായത്.
പുഴയില്‍ പലയിടങ്ങളിലായി തീയിടല്‍ ഇടയ്ക്കിടെയുണ്ടാകുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് താലൂക്ക് വികസന സമിതി യോഗം മുന്നറിയിപ്പ് നല്കി. തീയിടല്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും പട്ടാമ്പി, തൃത്താല മേഖലകളില്‍ ഭാരതപ്പുഴയിലെ കുറ്റിക്കാടുകളില്‍ തീപിടിത്തം പതിവാകുന്നത് തടയാന്‍, തീയിടല്‍ നടത്തുന്നവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കണമെന്നും യോഗം നിര്‍ദേശിച്ചു.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ പട്ടാമ്പി-കുളപ്പുള്ളി റോഡ് നവീകരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഹമ്മദ് മുഹസിന് എംഎല്‍എ യോഗത്തില്‍ നിര്‍ദേശം നല്കി.
റോഡരികിലെ ശുദ്ധജല വിതരണ പദ്ധതിയിലെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കല്‍, വൈദ്യുത തൂണുകള്‍ വശങ്ങളിലേക്ക് മാറ്റല്‍, റോഡിനാവശ്യമായ വീതിയില്ലാത്ത സ്ഥലങ്ങളിലെ സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ തുടങ്ങിയവ വേഗത്തില്‍ പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ റോഡ് വീതി കൂട്ടി നവീകരിക്കാനാകൂ എന്ന് എംഎല്‍എ പറഞ്ഞു.
ജല ജീവന് മിഷന് പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ച് പരാതികള്‍ ഒഴിവാക്കാന്‍ നടപടി വേണമെന്ന് പഞ്ചായത്ത് അധ്യക്ഷന്മാര് ആവശ്യപ്പെട്ടു.
തൃത്താല വെള്ളിയാങ്കല്ലില്‍ നിന്നുള്ള മണലെടുപ്പ് നിയന്ത്രണ വിധേയമാക്കണമെന്നും ആവശ്യമുയര്‍ന്നു. മുഹമ്മദ് മുഹസിന് എംഎല്‍എ. അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ടി.പി. കിഷോര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ വി.പി സെയ്ദ് മുഹമ്മദ്, ഭൂരേഖ തഹസില്‍ദാര്‍ പി. ഗിരിജാദേവി, നഗരസഭ അധ്യക്ഷ ഒ.ലക്ഷ്മിക്കുട്ടി, പഞ്ചായത്ത് അധ്യക്ഷന്മാരായ എം.സി. അബ്ദുല്‍ അസീസ്, എ.ആനന്ദവല്ലി, എം.ടി.മുഹമ്മദാലി, ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രതിനിധി സി.എം.അലി, വി.കെ. ശ്രീകണ്ഠന് എംപിയുടെ പ്രതിനിധി കെ. ആര്. നാരായണസ്വാമി പ്രസംഗിച്ചു.
പട്ടാമ്പി താലൂക്ക് വികസന സമിതിയിൽ വിമർശനം
01:05 AM Feb 08, 2023 | Deepika.com