വടക്കഞ്ചേരി: കാലുകള്‍കൊണ്ട് പെഡല്‍ ചവിട്ടി നാളികേരം പൊളിക്കുന്ന യന്ത്രസംവിധാനം വികസിപ്പിച്ചെടുത്ത് വള്ളിയോട് സെന്റ് മേരീസ് ഐടിഐയിലെ ട്രെയിനികള്‍.
മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ ട്രേഡിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണ് ഈ സംവിധാനം രൂപകല്പന ചെയ്ത് അഭിനന്ദനങ്ങള്‍ക്ക് ഉടമകളായത്.
പഴയ ഇരുമ്പ്, ബെയറിംഗുകള്‍, ഗിയര്‍, ബൈക്കിന്റെ ചെയിന്‍, ചെയിന്‍ സ്പോക്കറ്റ് തുടങ്ങിയവയാണ് പാര്ട്സുകളായുള്ളത്.
കാലുകൊണ്ട് ചവിട്ടുമ്പോള്‍ നാളികേരം പൊളിക്കാനുള്ള പാര ഓപ്പണായി ചകിരി വേര്‍തിരിഞ്ഞു വരും.
ബെയറിംഗ് സംവിധാനമായതിനാല്‍ പ്രായമായവര്‍ക്കു പോലും അനായാസം വളരെ വേഗത്തില്‍ നാളികേരം പൊളിക്കാനാകുമെന്ന് നിര്‍മാണ ശില്പികളായ ട്രെയിനികള്‍ പറഞ്ഞു.
കൈ കൊണ്ടുള്ള പാരയേക്കാള്‍ നാളികേരം പൊളിക്കാന്‍ ഈ സംവിധാനം എളുപ്പമാണെന്നതും മേന്മയാണ്. പ്രിന്‍സിപ്പൽ ഫാ. അനു കളപ്പുരക്കല്‍, ഇന്‍സ്ട്രക്ടര്‍മാരായ ജോബിന് ജോസ്, കെ. എം. സാജു, ദാമോദരന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ രഞ്ജിത്ത്, ജിബിന്‍, അതുല്‍, അന്‍സില്‍, ഹരികേഷ്, ജീവന്, ജിഷ്ണു, സുനില്‍, അനീഷ്, വിഷ്ണു എന്നീ വിദ്യാര്‍ഥികളാണ് ഈ കണ്ടുപിടിത്തത്തിനു
പിന്നില്‍.
കഴിഞ്ഞ ഡിസംബറില്‍ വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സുകള്‍ കൊണ്ട് പുല്‍ക്കൂട് ഒരുക്കി ഐടിഐയിലെ വിദ്യാര്‍ഥികള്‍ ശ്രദ്ധേയരായിരുന്നു.
അതിനുമുമ്പ് പെഡലുകള്‍ ചവിട്ടി കുതിക്കുന്ന നാലു ചക്ര വാഹനം നിര്‍മിച്ച് ഐടിഐയിലെ സീനിയര്‍ ട്രെയിനികള്‍ വാഹന നിര്‍മാതാക്കളെ അത്ഭുതപ്പെടുത്തിയ കണ്ടെത്തല്‍ നടത്തിയിരുന്നു.
പുതിയ യന്ത്രവുമായി വള്ളിയോട് സെന്റ് മേരീസ് ഐടിഐ വിദ്യാര്‍ഥികള്‍
01:05 AM Feb 08, 2023 | Deepika.com