മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വാളകം കൃഷി ഭവനിലെ 30 ഏക്കറോളം വരുന്ന കുര്യാപ്പാടം പാടശേഖരത്തിൽ ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ സന്പൂർണ സൂഡോമോണസ് തളിച്ചു. സൂക്ഷ്മ മൂലകങ്ങളുടെ അഭാവം മൂലം പുതിയ നാന്പുകളിൽ ഉണ്ടാവുന്ന ഓല കരിച്ചിൽ, ബ്ലാസ്ട് രോഗം, ബാക്റ്റീരിയൽ ഇല കരിച്ചിൽ എന്നിവ വ്യാപകമായി കണ്ടെത്തിയതിനെതുടർന്ന് പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് സ്പ്രേയിംഗ് നടത്തിയത്.
ഡ്രോണ്‍ ഉപയോഗിച്ച് സ്പ്രേയിംഗ് നടത്തുന്പോൾ എട്ടു മിനിറ്റ് കൊണ്ടു ഒരു ഏക്കർ സ്പ്രേ ചെയ്യാം. സ്പ്രേ മിശ്രിതം 60 ലിറ്റർ വേണ്ടിടത്തു 10 ലിറ്റർ മതിയാവും. കൂലി ചെലവും സമയവും കുറയ്ക്കാനാവും. കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പാടശേഖരം മുഴുവൻ സ്പ്രേ ചെയ്യുന്നതിനാൽ ചാഴി പോലുള്ള കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കുമെന്ന് കർഷകർ അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു. വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് പദ്ധതി വിശദീകരിച്ചു. സാറാമ്മ ജോണ്‍, വിദ്യ സോമൻ തുടങ്ങിയവർ പങ്കെടുത്തു.
ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷ്മ മൂലകങ്ങൾ തളിച്ചു
12:41 AM Feb 08, 2023 | Deepika.com