കൊച്ചി: പഞ്ചസാര നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിച്ച മഹാരാഷ്ട്ര സ്വദേശി പോലീസ് പിടിയില്‍. മുംബൈ ബോറിവേലി വെസ്റ്റ് സിഎച്ച്എസ് റോഡ് സ്വപ്നസാഫല്യ പ്ലോട്ട് നമ്പര്‍ 83 ല്‍ ജിതേന്ദ്ര രാജാറാം കാംബ്ലി (41) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന കെറിസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് 25 ടണ്‍ പഞ്ചസാര നല്‍കാമെന്ന് പറഞ്ഞ് സ്ഥാപത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒമ്പതുലക്ഷത്തോളം രൂപ പ്രതി പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്ത ശേഷം പഞ്ചസാര നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.
ആദ്യം പഞ്ചസാര കയറ്റാനായി ലോറി അയച്ചു കൊടുത്തപ്പോള്‍ ഓര്‍ഡര്‍ കാന്‍സലായി എന്നുപറഞ്ഞ് ലോറി തിരിച്ചയച്ചു. വീണ്ടും വീണ്ടും പലപ്രാവശ്യം പഞ്ചസാര ആവശ്യപ്പെട്ടപ്പോള്‍ പ്രതി ഓരോ കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിച്ചു. പണവും തിരികെ ആവശ്യപ്പെട്ടപ്പോള്‍ 3,25,000 രൂപ മാത്രം നല്കി. ബാക്കി തുക നല്കാന് പ്രതി തയാറായില്ല. ഇതേത്തുടര്‍ന്ന് പരാതിക്കാര്‍ പ്രതിയുടെ കമ്പനിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇയാളുടെ കമ്പനിയായ ഗ്ലോബല്‍ ഇമ്പക്സ് ഇന്റര്‍നാഷണല്‍ കമ്പനിക്ക് യാതൊരു ട്രേഡിംഗുമില്ല എന്ന് മനസിലായി. പിന്നീട് സ്ഥാപനയുടമകള്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിജയ് ശങ്കറിന്റെയും സബ് ഇന്‍സ്പെക്ടര്‍ അനൂപ് ചാക്കോയുടെയും നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പഞ്ചസാര നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ മഹാരാഷ്ട്ര സ്വദേശി പിടിയില്‍
12:36 AM Feb 08, 2023 | Deepika.com