കൊച്ചി: പാലാരിവട്ടം ബൈപ്പാസില്‍ കടകള്‍ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ആളപായമില്ല. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു സംഭവം. പാലാരിവട്ടം ബൈപ്പാസില്‍ സ്പൈസസ് ബോര്‍ഡ് ഓഫീസിനു മുമ്പില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററി വേള്‍ഡ് സ്ഥാപനത്തിലും സമീപത്തെ രണ്ടു കടകളിലുമാണ് തീപിടിച്ചത്. തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപത്തുണ്ടായിരുന്നവര്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.
ബാറ്ററി ഉപകരണങ്ങള്‍, ഇലക്ട്രിക്കല്‍ മെഷീനറികള്‍ തുടങ്ങിയവ കത്തിനശിച്ചിട്ടുണ്ട്. ബാറ്ററി വേള്‍ഡില്‍ നിന്നും തീപിടിച്ചശേഷം സമീപത്തെ ഇലക്ട്രിക്കല്‍ മെഷീനറി സാധനങ്ങള്‍ വില്പന നടത്തുന്ന കൊച്ചിന് ഡീസല്‍സ്, കലൂര്‍ ടയേഴ്സ് എന്നീ സ്ഥാപനങ്ങളിലേക്ക് പടരുകയായിരുന്നു. ഗാന്ധിനഗറില്‍ നിന്നും രണ്ടു യൂണിറ്റും എറണാകുളം ക്ലബ് റോഡ്, തൃക്കാക്കര എന്നിവിടങ്ങളില്‍ നിന്ന് ഓരോ യൂണിറ്റും അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.
രാത്രി പത്തുവരെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പാലാരിവട്ടത്ത് കടകള്‍ക്ക് തീപിടിച്ചു
12:36 AM Feb 08, 2023 | Deepika.com