നെടുമങ്ങാട് : "കൃഷി ഭൂമി പുതുകേരളം' എന്ന മുദ്രാവാക്യം ഉയർത്തി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച പ്രക്ഷോഭ പ്രചാരണ ജാഥ ഇന്ന് നെടുമങ്ങാട്ട് സമാപിക്കും. സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ ക്യാപ്റ്റനും വൈസ്പ്രസിഡന്റ് ലളിത ബാലൻ വൈസ് ക്യാപ്റ്റനും, ട്രഷറർ സി.ബി. ദേവദർശൻ മാനേജരുമായ ജാഥ കാസർഗോഡ് യൂണിയൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എം.വി. ഗോവിന്ദൻ കഴിഞ്ഞമാസം 25 നാണ് ഉദ്ഘാടനം ചെയ്തത്.
നെൽവയൽ തരിശിടരുത്, കർഷക തൊഴിലാളി പെൻഷന് കേന്ദ്രവിഹിതം അനുവദിക്കുക, അവശേഷിക്കുന്ന മിച്ചഭൂമി- പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുക, കേരളത്തെ തകർക്കാനുള്ള കേന്ദ്രനീക്കം ചെറുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടത്തുന്നത്.
ആർ. ജയദേവൻ ചെയർമാനും എസ്.എസ്. ബിജു ജനറൽ കൺവീനറുമായുള്ള സംഘാടക സമിതിയുടെയും വിതുര, വെഞ്ഞാറമൂട്, നെടുമങ്ങാട് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നെടുമങ്ങാട് സമാപന സമ്മേളനം നടക്കും. ചന്തമുക്കിൽ വൈകുന്നേരം നാലിനു നടക്കുന്ന സമാപനയോഗം അഖിലേന്ത്യ പ്രസിഡന്റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
പ്രക്ഷോഭ പ്രചാരണ ജാഥ ഇന്ന് നെടുമങ്ങാട്ട് സമാപിക്കും
12:16 AM Feb 08, 2023 | Deepika.com