വധശ്രമം: പ്രതിപിടിയിൽ
11:24 PM Feb 07, 2023 | Deepika.com
പേരൂർക്കട: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പേരൂർക്കട സിഐ സൈജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കൊല്ലം സ്വദേശി സജീവ്കുമാർ (48) ആണ് പിടിയിലായത്. അമ്പലമുക്ക് സ്വദേശി അനിൽകുമാറിന് (43) ആണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി അമ്പലമുക്കിലെ വീട്ടിലായിരുന്നു സംഭവം. അനിൽകുമാർ തന്റെ മകളെ കാണുന്നതിനു വേണ്ടിയാണ് അമ്പലമുക്കിലെ മുൻ ഭാര്യയുടെ വീട്ടിലെത്തിയത്. ഇതിനിടെ സജീവുമായി വാക്കുതർക്കം ഉണ്ടാകുകയും ഇയാൾ അനിൽകുമാറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. അനിൽകുമാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. അനിൽകുമാർ വിവാഹമോചനം നേടിയ ആൾ ആണെങ്കിലും മകളെ കാണുന്നതിനുവേണ്ടി ഇടയ്ക്കിടെ വരുമായിരുന്നു. ഇയാളുടെ മുൻ ഭാര്യയുടെ രണ്ടാം ഭർത്താവാണ് സജീവെന്ന് പേരൂർക്കട പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.