തിരുവനന്തപുരം : കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസർ ബി.ബിജുവിനെ സസ്പെന്‍ഡു ചെയ്തു. ഡെപ്യൂട്ടി മേയർ പി.കെ.രാജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു സസ്പെൻഷൻ. ഹെൽത്ത് വിഭാഗത്തിൽ നിന്നും വിവിധ സെക്ഷനുകളിലേയ്ക്കു നൽകേണ്ട ഫയലുകൾ പ്യൂണ്‍മാരായ മൂന്നു ജീവനക്കാർ എത്തിക്കാത്തതിനെ തുടർന്നു ഹെൽത്ത് സൂപ്പർവൈസർ ഇവർക്കെതിരെ നടപടി എടുത്തു. നടപടി പാടില്ലെന്നു ഡെപ്യൂട്ടി മേയർ ഹെൽത്ത് സൂപ്പർവൈസറോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കേട്ടില്ല.
ഇതേ തുടർന്നു മേയർ ആര്യ രാജേന്ദ്രന്റെ മുന്നിൽ വച്ചു ഇവർ തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായി. ഈ സാഹചര്യത്തിലാണു പി.കെ.രാജു മേയർക്കു പരാതി നൽകുകയും ഹെൽത്ത് സൂപ്പർവൈസറെ പിന്നീടു സസ്പെന്‍ഡു ചെയ്തത്. നേരത്തേ ഹെൽത്ത് സൂപ്പർവൈസർ ബിജു കുറ്റക്കാരെന്നു കണ്ടെത്തിയ ഭരണകക്ഷി യൂണിയനിൽപ്പെട്ട മൂന്നു ജീവനക്കാരെ കോർപറേഷൻ സെക്രട്ടറി സ്ഥലം മാറ്റി.
ഇന്നലെ കൗണ്‍സിൽ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ടു ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. ജോലി ചെയ്യാത്ത ഉദ്യോഗസ്ഥരെ ഡെപ്യൂട്ടി മേയർ സംരക്ഷിക്കുന്നൂവെന്നായിരുന്നു ബിജെപി കൗണ്‍സിലർമാരുടെ ആക്ഷേപം.
കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസറെ സസ്പെന്‍ഡു ചെയ്തു
11:24 PM Feb 07, 2023 | Deepika.com