കുവൈറ്റ് സിറ്റി: നാട്ടിൽ നിന്ന് കുവൈറ്റിലേക്ക് തിരിച്ചു വരാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിന് രൂപം കൊണ്ട ഐസിഎഫ് ഹെൽപ് ഡസ്ക് പ്രവർത്തനങ്ങൾ പുരോഗതി പ്രാപിക്കുന്നു.
തിരിച്ചു വരവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുക, ഇമ്യൂണ്‍ ആപ്പ് ഡൗണ്‍ലോഡിംഗ് ചെയ്യുന്നതിനും ഡാറ്റകൾ സബ്മിറ്റ് ചെയ്യുന്നതിനും സഹായിക്കുക, വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് ഏതെല്ലാം ലിങ്കുകൾ വഴിയാണ് തിരിച്ചു വരുന്നവർ വിവരങ്ങൾ സമർപ്പിക്കേണ്ടതെന്ന സംശയങ്ങൾ ദുരീകരിച്ചു കൊടുക്കുക തുടങ്ങിയ സേവനങ്ങളാണ് ഐസിഎഫ് ഹെൽപ് ഡസ്കിനു കീഴിൽ നടന്നു വരുന്നത്.
തിരിച്ചു വരുന്ന പ്രവാസികളിൽ നിന്ന് വിമാനക്കന്പനികൾ ഈടാക്കിക്കൊണ്ടിരിക്കുന്ന ഭീമമായ ടിക്കറ്റു നിരക്ക് വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും സംസ്ഥാന മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കുവൈറ്റിലെ ഇന്ത്യൻ അംബാസഡർക്കും കുവൈറ്റ് ഐസിഎഫ് കത്തയച്ചിരുന്നു. വിഷയത്തിൽ ഇടപെട്ട് വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു മറുപടി ലഭിച്ചിട്ടുണ്ടെന്ന് ഐസിഎഫ് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പ്രവാസികൾക്ക് തണലായി കുവൈറ്റ് ഐസിഎഫ് ഹെൽപ് ഡെസ്ക്
09:21 PM Sep 09, 2021 | Deepika.com