ചെറുതോണി: ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ രൂപതയിലെ സ്കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സ്നേഹസംഗമം 11നു മുരിക്കാശേരി പാവനാത്മാ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.45നു വിശുദ്ധ കുർബാനയോടെ സ്നേഹസംഗമം ആരംഭിക്കും.
രൂപതയിലെ സ്കൂളുകളിൽ സേവനം ചെയ്യുന്ന ആയിരത്തിലധികം അധ്യാപക-അനധ്യാപകർ ഒരുമിച്ചു കൂടുന്ന സ്നേഹസംഗമം രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ അധ്യക്ഷത വഹിക്കും. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായി പങ്കെടുക്കും. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും. രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം പുറയാറ്റ് അനുഗ്രഹ പ്രഭാഷണം നടത്തും.
പാവനാത്മ കോളജ് പ്രിൻസിപ്പൽ റവ. ഡോ. ബെന്നോ പുതിയാപറമ്പിൽ, മുരിക്കാശേരി സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസ് നരിതൂക്കിൽ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോസഫ് മാത്യു, അനധ്യാപക പ്രതിനിധി സിജി ചാക്കോ എന്നിവർ പ്രസംഗിക്കും.
സ്നേഹ സംഗമത്തിൽ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അവാർഡ്, മികച്ച അധ്യാപക- അനധ്യാപക അവാർഡുകൾ, അരുണാചൽ മിഷൻ എഡ്യുക്കേഷൻ സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്യും.
ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ രൂപതയിലെ സ്കൂളുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും നൽകുന്ന സ്നേഹനിധി ചികിത്സാസഹായ പദ്ധതി, ഡിഗ്രിയോ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ ഉള്ള യുവജനങ്ങളെ തിരുവനന്തപുരത്ത് വിവിധ പരിശീലന കേന്ദ്രങ്ങളിൽ അയച്ചു നടത്തുന്ന പിഎസ്സി കോച്ചിംഗ് പരിശീലന പരിപാടി, എന്റെ മലയാളം പരിശീലന പരിപാടി എന്നിവയുടെ റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിക്കും.
സ്നേഹസംഗമത്തിനു രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ സ്വാഗതവും രൂപത പ്രസിഡന്റ് ബിനോയി മഠത്തിൽ നന്ദിയും പറയും. സ്നേഹവിരുന്നോടുകൂടി സ്നേഹസംഗമം സമാപിക്കും.
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സ്നേഹസംഗമം മുരിക്കാശേരിയിൽ
10:52 PM Feb 07, 2023 | Deepika.com