കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു.
പുതിയ ടെര്‍മിനലില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. ഫയർ ഫോഴ്സും പോലീസും കെട്ടിടത്തില്‍ തിരച്ചില്‍ നടത്തുകയാണ്. രക്ഷാപ്രവർത്തനത്തിൽ ഒരാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞപ്പോൾ രണ്ടുപേർ മരണത്തിന് കീഴടങ്ങി.
നാലു മണിക്കൂർ തിരച്ചിലിനൊടുവിലാണ് 10 മീറ്റർ താഴ്ചയില്‍ തൊഴിലാളികളെ മണലിനടിയിൽ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ തൊഴിലാളിയെ ഫർവാനിയ ഹോസ്പിറ്റലിലേക്ക് മാറ്റി.
ജനറൽ ഫയർ ബ്രിഗേഡിന്റെ മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മക്രദ്, പൊതുമരാമത്ത് മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ വാലിദ് അൽ ഗാനിം, എയർപോർട്ട് ഫയർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ഹൈദർ അലി, എയർപോർട്ട് പ്രോജക്ട്സ് ഡയറക്ടർ എൻജിനീയർ മായ് ഇബ്രാഹിം അൽ മസാദ്, പൊതുമരാമത്ത് മന്ത്രാലയ ഉദ്യോഗസ്ഥർ തുടങ്ങിയവർ അപകട സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നൽകി.
പൊതുമരാമത്ത് മന്ത്രി ഡോ. റാണ അൽ ഫാരിസ് അപകടത്തെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടു.
കുവൈത്ത് വിമാനത്താവളത്തില്‍ കെട്ടിടം തകര്‍ന്നുവീണു; തൊഴിലാളികള്‍ മരിച്ചു
12:42 PM Sep 09, 2021 | Deepika.com