കോയമ്പത്തൂര്‍ : തമിഴ്നാട്ടില്‍ എല്ലാ വര്‍ഷവും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ അവസാനിച്ചതിന് ശേഷം നടത്തുന്ന പക്ഷി സര്‍വേയ്ക്ക് തുടക്കം. ജലപ്പക്ഷികള്‍, കര പക്ഷികള്‍ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് സര്‍വേ നടത്തുന്നത്.
ജനുവരി 28, 29 തീയതികളില്‍ ജലപക്ഷി സര്‍വേ നടത്തി. മാര്‍ച്ച് നാല്, അഞ്ച് തീയതികളിലായി കര പക്ഷി സര്‍വേയും നടക്കും. ജില്ലയില്‍ വാളയാര്‍, സെമ്മേട് ഉക്കുളം, പേരൂര്‍, ഉക്കടം, കുറിച്ചി, സെങ്കുളം, കൃഷ്ണാംപതി, വെള്ളാളൂര്‍,
സിങ്കനല്ലൂര്‍, പള്ളിപ്പാളയം, കണ്ണംപാളയം, അച്ചാന്കുളം, സൂലൂര്‍, പെട്ടിക്കുട്ടൈ, സെല്വംപതി, നരസമ്പതി, ഇരുകൂര്ക്കുളം, കാളപ്പട്ടി, വേടപ്പട്ടി എന്നിങ്ങനെ 20 സ്ഥലങ്ങളാണ് തെരഞ്ഞെടുത്തത്. സര്‍വേയില്‍ പക്ഷി സ്നേഹികളും സ്കൂള്‍ കോളജ് വിദ്യാര്‍ഥികളും വനംവകുപ്പ് ജീവനക്കാരും ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് പങ്കെടുത്തത്.
ഈ സര്‍വേയില്‍ ശരാശരി 55 ഇനം പക്ഷികളെ കണ്ടെത്തി. കോയമ്പത്തൂരിലെ കുളങ്ങളില്‍ 9,500 പക്ഷികള്‍ എത്തിയിട്ടുള്ളതായി സര്‍വേ സംഘം കണ്ടെത്തി. അപൂര്‍വയിനം പക്ഷികളില്‍ വാളയാര്‍ മേഖലയില്‍ ചാര വേഴാമ്പലിനെയും പേത്തിക്കുട്ടയില് ഓസ്പ്രേ കഴുകനെയും കണ്ടെത്തിയിട്ടുണ്ട്.
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ അവസാനിച്ചു തമിഴ്നാട്ടില്‍ പക്ഷി സര്‍വേയ്ക്ക് തുടക്കം
12:04 AM Feb 07, 2023 | Deepika.com