കടുത്തുരുത്തി: വില്ലേജ് ടൂറിസത്തിന്റെ ഭാഗമായി ഇസ്രായേല്‍ സംഘം മുണ്ടാറിലും എഴുമാന്തുരുത്തിലും സന്ദര്‍ശനം നടത്തി. വൈക്കത്തുനിന്നുമാണ് സംഘം ബോട്ടില്‍ കരിയാറിലൂടെ മുണ്ടാറിലെത്തിയത്. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട മുണ്ടാറിന്റെ പ്രകൃതിഭംഗി ആസ്വദിച്ചാണ് സംഘം മടങ്ങിയത്.
കുമരകത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഘം മുണ്ടാറിലെത്തിയത്. വിവിധയിനം പക്ഷികളും മത്സ്യങ്ങളും കൃഷി ചെയ്തു കിടക്കുന്ന നെല്‍വയലുകളുമെല്ലാം ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്.
കയര്‍ പിരിക്കലും ഓല മെടയലും തെങ്ങ് കയറ്റവും കൃഷി രീതികളുമെല്ലാം സഞ്ചാരികള്‍ നേരില്‍ കണ്ടു. കരിയാറില്‍ ചൂണ്ടയിട്ടു മീന്‍പിടിക്കാനും വീട്ടമ്മമാര്‍ക്കൊപ്പം അവില് ഇടിക്കലില് പങ്കെടുക്കാനും സംഘം മറന്നില്ല. നാട്ടുകാര്‍ക്കൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും നാടന്‍ തെങ്ങിന് കള്ള് രുചിച്ചും ഇവിട ത്തെ യാത്ര ഇവര്‍ ശരിക്കും ആസ്വദിച്ചു. ഇലയിട്ട് വിളമ്പിയ പപ്പടവും പഴവും പായസവും നിറഞ്ഞ കേരളീയ സദ്യയും ഇവര്‍ക്കായി ഒരുക്കിയിരുന്നു. ഇവിടത്തുകാരുടെ ജീവിതവും കൃഷി രീതികളും ജോലികളുമെല്ലാം കാമറയില്‍ പകര്‍ത്തിയാണ് സംഘം മടങ്ങിയത്. തഴപ്പായ നിര്‍മാണവും കള്ള് ചെത്തുമെല്ലാം നേരില്‍ കണാനും ഇവര്‍ക്ക് അവസരമൊരുക്കിയിരുന്നു. ഇസ്രയേലില്‍നിന്നുള്ള 18 അംഗ സംഘമാണ് മുണ്ടാറിലെത്തിയത്.
ഇസ്രയേല്‍ സംഘം മുണ്ടാറും എഴുമാന്തുരുത്തും സന്ദര്‍ശിച്ചു
11:41 PM Feb 06, 2023 | Deepika.com