പ്രീ മെട്രിക് ഹോസ്റ്റലിൽ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു
11:11 PM Feb 06, 2023 | Deepika.com
കിളിമാനൂർ : പ്രീ മെട്രിക് ഹോസ്റ്റലിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ കിളിമാനൂർ അയ്യപ്പൻ കാവ് നഗറിൽ സ്ഥിതി ചെയ്യുന്ന പ്രീ മെട്രിക് ഹോസ്റ്റലിലാണ് സംഭവം. സ്കൂൾ കഴിഞ്ഞ് എത്തിയ വിദ്യാർഥിനി ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിച്ചശേഷം ഹോസ്റ്റലിന്റെ ഒന്നാമത്തെ നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ ഹോസ്റ്റൽ വാർഡനും ജീവനക്കാരും ചേർന്ന് കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സ്കൂൾ വിട്ട് എത്തിയതിനു ശേഷവും ടീച്ചർമാരോട് സന്തോഷത്തോടെ പെരുമാറിയ കുട്ടിയുടെ പെട്ടന്നുള്ള ആത്മഹത്യാ ശ്രമം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.