മുട്ടം: ഇടപ്പള്ളിയിൽ തള്ളിയിരിക്കുന്ന മാലിന്യം അടിയന്തരമായി നീക്കണമെന്ന ആവശ്യമായി നാട്ടുകാർ. ആയിരക്കണക്കിനു ലോഡ് മാലിന്യം നിക്ഷേപിച്ചിരിക്കുന്ന മാലിന്യക്കൂന്പാരത്തിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഉൗരക്കുന്ന് കവലയിൽനിന്നു പഴയമറ്റത്തിനു പോകുന്ന വഴിയിൽ ലയണ്‍സ് ക്ലബ്ബിനു സമീപമാണ് മാലിന്യം തള്ളിയിരിക്കുന്നത്. ഗാർഹിക മാലിന്യങ്ങൾ, കെട്ടിടാവശിഷ്ടങ്ങൾ, ആശുപത്രി മാലിന്യങ്ങൾ, ശുചിമുറി മാലിന്യം എന്നിവയാണ് ഇവിടെ തള്ളിയിരിക്കുന്നത്. വർഷങ്ങളായി ഇവിടെ മാലിന്യം ഉപേക്ഷിക്കാറുണ്ടെങ്കിലും റോഡിലേക്ക് എത്തിയിരുന്നില്ല. എന്നാൽ, ഇപ്പോർ മാലിന്യം മുഴുവൻ തള്ളുന്നതു റോഡിനോടു ചേർന്നാണ്. പ്രദേശവാസികൾ പലതവണ ആരോഗ്യവകുപ്പിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
50 അടിയിലധികം താഴ്ചയുള്ള കുഴിയിൽ മാലിന്യം നിറഞ്ഞതോടെ ഇവിടെ തെരുവുനായ്ക്കൾ കൂട്ടമായി എത്തുകയാണ്. ഇതുമൂലം കാൽനടയാത്രക്കാർക്കു ഇതുവഴി സഞ്ചരിക്കാൻ സാധിക്കുന്നില്ല. മഴ പെയ്താൽ മാലിന്യം മുഴുവൻ റോഡിൽകിടന്നു ദുർഗന്ധം വമിക്കുകയാണ്. ദുർഗന്ധംമൂലം സമീപത്തുള്ള വീട്ടുകാരും ദുരിതത്തിലാണ്.
മാലിന്യത്തിനു മുകളിൽ മണ്ണിട്ടു മൂടുകയും തുടർന്നു മാലിന്യം തള്ളാതിരിക്കാൻ വേലി കെട്ടുകയും ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ഇടപ്പള്ളിയിലെ മാലിന്യംതള്ളൽ: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
10:45 PM Feb 06, 2023 | Deepika.com