തൊടുപുഴ: നഗരസഭയുടെ പരിഷ്കരിച്ച മാസ്റ്റർ പ്ലാനിനു സംസ്ഥാന സർക്കാർ അന്തിമ അനുമതി നൽകിയതായി പി.ജെ. ജോസഫ് എംഎൽഎ അറിയിച്ചു. പൊതുജനങ്ങളുടെ ആക്ഷേപങ്ങൾ സ്വീകരിച്ച ശേഷം മാസ്റ്റർ പ്ലാൻ സർക്കാരിനു പുതുക്കി സമർപ്പിച്ചിരുന്നു. ഈ പ്ലാനിനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. 2021 ജൂലൈ 13നാണു നഗരസഭയുടെ കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിച്ചത്. ഏറെ പോരായ്മകളുണ്ടായിരുന്ന മാസ്റ്റർ പ്ലാനിനെതിരേ പ്രതിഷേധം ശക്തമായതോടെ പൊതുജനങ്ങളിൽനിന്നു പരാതികൾ സ്വീകരിക്കുന്നതിനു അപേക്ഷ ക്ഷണിക്കുകയായിരുന്നു. രണ്ടായിരത്തോളം പരാതികളാണു നഗരസഭയ്ക്ക് ലഭിച്ചത്.
നഗരസഭ ചുമതലപ്പെടുത്തിയ സബ് കമ്മിറ്റി ഇവ വിശദമായി പരിശോധിക്കുകയും കൗണ്‍സിലർമാർ ഭേദഗതികൾ നിർദേശിക്കുകയും ചെയ്തു. മാസ്റ്റർ പ്ലാനിനെ സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്ന് പി.ജെ. ജോസഫ് എംഎൽഎ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ട്രാക്ക് ഉൾപ്പെടെ സാമൂഹ്യ സംഘടനാ പ്രതിനിധികളുടെയും മുനിസിപ്പൽ കൗണ്‍സിൽ അംഗങ്ങളുടെയും യോഗം വിളിച്ചു ചേർത്തിരുന്നു.
ടൗണിലെ പ്രധാന റോഡുകളുടെയും ബൈപാസുകളുടെയും വീതി കാര്യമായി വ്യതിയാനം ഇല്ലാതെ നിലനിർത്തണമെന്നും റോഡുകളുടെ വശങ്ങളിൽ വാണിജ്യ നിർമാണങ്ങൾക്കു അനുമതി നൽകണമെന്നുള്ള യോഗനിർദേശം അംഗീകരിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റിയുടെ ഉൾപ്രദേശങ്ങളിലുള്ള റോഡുകൾക്കു വലിയ തോതിൽ വീതി വർധിപ്പിക്കുന്നതിനെതിരെയും ആക്ഷേപം ഉയർന്നു.
യോഗതീരുമാനങ്ങൾ പരിഗണിച്ചാണ് സബ് കമ്മിറ്റിയുടെ ശിപാർശ കൗണ്‍സിലിനു നൽകിയത്. കഴിഞ്ഞ ജൂലൈ 29നു സബ്കമ്മിറ്റിയുടെ നിർദേശങ്ങൾ ചർച്ച ചെയ്യുകയും സർക്കാരിനു പരിഷ്കരിച്ച മാസ്റ്റർ പ്ലാൻ കൈമാറുകയുമായിരുന്നു.
ചീഫ് ടൗണ്‍പ്ലാനർ നഗരസഭ നൽകിയ മാസ്റ്റർ പ്ലാൻ വിശദമായി പരിശോധിക്കുകയും സംശയനിവാരണം നടത്തി സർക്കാരിനു ഇവ സമർപ്പിക്കുകയും ചെയ്തു. പരിഷ്കരിച്ച മാസ്റ്റർ പ്ലാൻ എത്രയും വേഗം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പുമന്ത്രിക്കു എംഎൽഎ നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണു സർക്കാർ അനുമതി നൽകിയതെന്ന് പി.ജെ. ജോസഫ് അറിയിച്ചു.
മാസ്റ്റർ പ്ലാൻ സംബന്ധിച്ച് പൊതുജനങ്ങൾക്കുണ്ടായ വ്യാപകമായ ആശങ്കകളും ബുദ്ധിമുട്ടുകളും നിർമാണ നിരോധനവും ഒഴിവാക്കാൻ കഴിയുന്നതാണു സർക്കാർ തീരുമാനം. തൊടുപുഴ സിവിൽ സ്റ്റേഷന്റെ മുണ്ടേക്കല്ല് എംവിഐപി വക സ്ഥലത്തെ മൂന്നാം ഘട്ട അനക്സ് നിർമിക്കാൻ അനുമതി ലഭിച്ചിരുന്നതാണ്. എന്നാൽ, മാസ്റ്റർ പ്ലാൻ മൂലം തടസപ്പെട്ട സിവിൽ സ്റ്റേഷന്റെ മൂന്നാം ബ്ലോക്കിന്റെ നിർമാണവും ഇനി പുനരാരംഭിക്കാനാവും.
പരിഷ്കരിച്ച മാസ്റ്റർ പ്ലാനിനു നേതൃത്വം നൽകുകയും സർക്കാരിൽനിന്നു അനുമതി നേടിയെടുക്കാൻ മുൻകൈയെടുത്തു പ്രവർത്തിക്കുകയും ചെയ്ത പി.ജെ. ജോസഫ് എംഎൽഎയെ നഗരസഭാ കൗണ്‍സിലർ അഡ്വ. ജോസഫ് ജോണ്‍ അഭിനന്ദിച്ചു.
പരിഷ്കരിച്ച നഗരസഭ മാസ്റ്റർ പ്ലാനിനു അനുമതിയായി: പി.ജെ. ജോസഫ്
10:45 PM Feb 06, 2023 | Deepika.com