കുറവിലങ്ങാട്: കാലത്തിന്റെ യവനികയില്‍ മറഞ്ഞ ലതാ മങ്കേഷ്കര്‍ക്ക് സംഗീതാഞ്ജലിയൊരുക്കി ദേവമാതാ കോളജ്. ലതാ മങ്കേഷ്കറുടെ സ്വരമാധുരിയില്‍ അനേകായിരങ്ങള്‍ക്ക് ആസ്വാദനം സമ്മാനിച്ച ഗാനങ്ങളാണ് നൃത്തച്ചുവടുകളോടെ ദേവമാതായില്‍ പെയ്തിറങ്ങിയത്. ലതാ മങ്കേഷ്കറുടെ ആദ്യ അനുസ്മരണവാര്ഷികത്തോടനുബന്ധിച്ചാണ് ലതികം 2023 എന്ന പേരില്‍ സംഗീതനൃത്താച്ചര്ന നടത്തിയത്.
ദേവമാതായിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ലതയുടെ ശബ്ദസൗന്ദര്യത്തിന്റെ തനിയാവര്‍ത്തനം ശ്രോതാക്കള്‍ക്കു സമ്മാനിച്ചത്. വിദ്യാര്‍ഥികളുടെ നിറസാന്നിധ്യത്തിലായിരുന്നു പരിപാടി. ലതാ മങ്കേഷ്കറുടെ ജീവിതത്തിലൂടെയുള്ള ഒരു സഞ്ചാരമായി ശ്രേതാക്കളെ കൂടെ നടത്താന്‍ സംഘാടകര്‍ക്കു കഴിഞ്ഞു. ലതയുടെ ബാല്യകൗമാരങ്ങളും സംഗീതലോകത്തെ സംഭാവനകളും ബഹുമതികളുമൊക്കെ സദസിന് സമ്മാനിക്കുന്നതില്‍ സംഗീതപ്രതിഭകള്‍ക്ക് സാധിച്ചു.
എന്‍സിസി കേഡറ്റുകളുടെ നേതൃത്വത്തില്‍ ലതാ മങ്കേഷ്കര്‍ക്ക് പ്രണാമമര്‍പ്പിച്ചാണ് സംഗീതാര്‍ച്ചന സമാപിച്ചത്.
പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍, ബര്‍സാര്‍ റവ. ഡോ. ജേക്കബ് പണ്ടാരപറമ്പില്‍, അസി. പ്രഫ. നിഷ കെ. തോമസ് എന്നിവര്‍ നേതൃത്വം നല്കി. ഗായിക അലീനിയ ഗാനങ്ങളുമായി സദസിനൊപ്പം ചേര്‍ന്നു.
വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരിപാടിക്ക് പിന്നാലെ പൊതുജനങ്ങള്‍ക്കായി പ്രത്യേക സദസും സംഘടിപ്പിച്ചു. ദേവമാതാ കോളജിന്റെ നേതൃത്വത്തില്‍ സഹപാഠിക്കൊരു വീട് എന്ന പേരില്‍ ഒരു വിദ്യാര്‍ഥിക്ക് വീട് നിര്മിച്ചുനല്കുന്നതിനുള്ള സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി സംഗീതസദസ് ഒരുക്കിയത്.
ലതാ മങ്കേഷ്കറുടെ സ്മരണയുണര്‍ത്തി ദേവമാതായില്‍ ലതികം പെയ്തിറങ്ങി
10:38 PM Feb 06, 2023 | Deepika.com