ആലത്തൂർ : നിലംപൊത്താറായ ഓട്ടുപുരയെ ടാർപ്പായകൊണ്ടു മറച്ച് കഴിഞ്ഞിരുന്ന പാടൂർ മണക്കാട്ടെ രാമനാഥൻ എന്ന ശെൽവന് ഇനി സിപിഎം നിർമിച്ചു നല്കിയ സ്നേഹവീട് സ്വന്തം.
വെരിക്കോസ് വെയിൻ രോഗം ബാധിച്ചതോടെ ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു രാമനാഥൻ. മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയും രണ്ട് പെണ്മക്കളുമാണുള്ളത്.
ഒരു മകൾ സമീപത്തെ ബേക്കറിയിൽ ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബമാകെ കഴിഞ്ഞു പോവുന്നത്. ഇതിനിടയിൽ സുരക്ഷിതമായൊരു ഇടത്തേക്ക് മാറുകയെന്നത് ഈ കുടുംബത്തിന് ചിന്തിക്കാൻ പ്രയാസമായിരുന്നു.
സിപിഎം ആലത്തൂർ ഏരിയ കമ്മിറ്റി ഓഫീസായ ആർ.കൃഷ്ണൻ സ്മാരക മന്ദിര നിർമ്മാണത്തിന്റെ ഭാഗമായി പാടൂർ ലോക്കൽ കമ്മിറ്റിയാണ് സ്നേഹവീട് നിർമ്മിച്ച് നല്കിയത്. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി. കുഞ്ഞിരാമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം വി.ചെന്താമരാക്ഷൻ, ജില്ലാ കമ്മിറ്റി അംഗം വി.പൊന്നുക്കുട്ടൻ, ഏരിയ സെക്രട്ടറി സി. ഭവദാസൻ, എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി.സി. പ്രമോദ് സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.
സ്നേഹവീടിന്റെ തണലിൽ രാമനാഥൻ
01:10 AM Feb 06, 2023 | Deepika.com